പ്രവാസി പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ വേണം; ഒ.ഐ.സി.സി ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദ: പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും അടങ്ങിയ നിവേദനവുമായി ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡൻറ് ഹക്കീം പാറക്കലിെൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രവാസികാര്യ വകുപ്പിെൻറ ചുമതല കൂടിയുള്ള മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ പ്രവാസികളുടെ ദീർഘകാല ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
സർക്കാർ സേവനങ്ങൾക്കായി പ്രത്യേക ‘ഫാസ്റ്റ് ട്രാക്ക്’ സംവിധാനം ഏർപ്പെടുത്തുക, നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി പ്രവാസികൾക്ക് കൂടുതൽ പ്രയോജനകരമാക്കുക, ഇളവുകളോടെ പ്രവാസി ക്ഷേമനിധി പദ്ധതി പരിഷ്കരിച്ച് പ്രവാസി പെൻഷൻ തുക വർദ്ധിപ്പിക്കുക, സാധാരണക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലോക കേരള സഭയുടെ പ്രവർത്തനങ്ങളിൽ അഴിച്ചുപണി നടത്തുക എന്നിവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ. കൂടാതെ വിവിധ തലങ്ങളിൽ പ്രവാസി നിക്ഷേപങ്ങൾ ഉൾപ്പെടുത്തിയുള്ള പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുക, പ്രവാസി വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ പ്രതിസന്ധികൾ പരിഹരിക്കുക, യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, നിയമസഹായത്തിനായി 'ലീഗൽ സെൽ' രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ജിദ്ദയിലെ യുവ എഴുത്തുകാരൻ മുഹമ്മദ് അമാൻ എഴുതിയ ‘ദി ഡ്രീം’ എന്ന പുസ്തകം ഒ.ഐ.സി.സി നേതാക്കൾ മുഖ്യമന്ത്രിക്ക് സമ്മാനിച്ചപ്പോൾ
നിവേദനം കൈപ്പറ്റിയ മുഖ്യമന്ത്രിയിൽ നിന്നും തികച്ചും അനുഭാവപൂർണമായ സമീപനമാണ് ഉണ്ടായതെന്നും, അദ്ദേഹം പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ സൗദി അറേബ്യ സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച നേതാക്കൾ, ജിദ്ദയിലെ യുവ എഴുത്തുകാരൻ മുഹമ്മദ് അമാൻ രചിച്ച ‘ദി ഡ്രീം’ എന്ന പുസ്തകം അദ്ദേഹത്തിന് ഉപഹാരമായി സമ്മാനിച്ചു.
ഒ.ഐ.സി.സി റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, ദേശീയ കമ്മിറ്റി വൈസ് പ്രസിഡൻറ് നിസാമുദ്ധീൻ, ജനറൽ സെക്രട്ടറി അഷ്‌റഫ് അഞ്ചാലൻ, സെക്രട്ടറി മുസ്തഫ ചേളാരി, ജോയിൻറ് ട്രഷറർ ഷൗക്കത്ത് പരപ്പനങ്ങാടി, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഫിറോസ് പോരൂർ, ഷാനു മോൻ കരമന, എം.ടി. ഗഫൂർ, റാഷിദ് വർക്കല, ഉമർ പാറമ്മൽ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

