വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യു.പി സ്വദേശിയെ കേളി ഇടപെടലിൽ നാട്ടിലെത്തിച്ചു
text_fieldsവഖീലിന് നാട്ടിലേക്കുള്ള യാത്രാരേഖകൾ കേളി പ്രവർത്തകർ കൈമാറുന്നു
റിയാദ്: ജോലിക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശിയെ കേളി ഇടപെടലിൽ നാട്ടിലെത്തിച്ചു. അൽഖർജിൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ വഖീൽ രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. തന്റെ താമസസ്ഥലത്ത് നിന്നും കുറച്ചകലെയുള്ള ജോലി സ്ഥലത്തേക്ക് സൈക്കിളിൽ പോകവെ പിന്നിൽനിന്ന് അതിവേഗത്തിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം റോഡരികിലേക്ക് തെറിച്ചുവീഴുകയും ഇടത് കാലിന് സാരമായ പരിക്കേൽക്കുകയും ചെയ്തു.
ഇടിച്ച വാഹനം നിർത്താതെ പോയതിനാൽ കൂട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ തൊട്ടടുത്തുള്ള കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ സ്പോൺസർക്ക് വിവരമറിയിക്കുകയും ചെയ്തു. സ്പോൺസർ വിഷയത്തിൽ ഇടപെട്ടില്ലെന്നു മാത്രമല്ല വിസ ഹുറൂബ് ആക്കുകയാണ് ചെയ്തത്. ഇടത് കാലിന്റെ എല്ല് പൊട്ടിയതിനാൽ തുടർ ചികിത്സക്ക് ഇദ്ദേഹത്തെ റിയാദിലെ അൽ ഇമാൻ ആശുപത്രിയിലേക്ക് മാറ്റി. വഖീലിന്റെ സുഹൃത്ത് അറിയിച്ചപ്രകാരം കേളി പ്രവർത്തകൻ നൗഫൽ പുള്ളാടൻ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും, കേളി ജീവകാരുണ്യ പ്രവർത്തകൻ നാസർ പൊന്നാനി മുഖേന ഇന്ത്യൻ എംബസിയിൽ ഇദ്ദേഹത്തിന്റെ വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഹുറൂബ് ആയതിനാൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ആവശ്യമായ ഇടപെടൽ എംബസി നടത്തി.
ആശുപത്രിയിൽനിന്നും ഡോക്ടർമാരുടെ സമ്മതപ്രകാരം ഫൈനൽ എക്സിറ്റ് അടിക്കുന്നതിനായി എംബസിയിൽ ഹാജരാക്കുകയും വിരലടയാളം രേഖപ്പെടുത്തുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. അൽഖർജ് അൽ ദോസരി ക്ലിനിക്കിലെ ജനകീയ ഡോക്ടർ നാസർ വഖീലിനു വേണ്ട മെഡിക്കൽ യാത്രാരേഖകൾ തയാറാക്കി നൽകി. ആപത്ത് ഘട്ടത്തിൽ സഹായത്തിനെത്തിയ കേളി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് വഖീൽ കഴിഞ്ഞ ദിവസം ഫ്ലൈനാസ് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

