ഉപയോഗശൂന്യ വാഹനങ്ങൾ സ്വന്തം പേരിൽനിന്നൊഴിവാക്കാം
text_fieldsജിദ്ദ: രാജ്യത്ത് ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ സ്വന്തം പേരിൽനിന്ന് ഒഴിവാക്കാൻ അവസരം വരുന്നു. സൗദി മന്ത്രിസഭ അംഗീകാരം നൽകിയ തീരുമാനം അടുത്ത മാർച്ചോടെ പ്രാബല്യത്തിലാകും. വ്യക്തികളുടെ പേരിലുള്ള സ്വകാര്യ വാഹനങ്ങൾ ഉപയോഗശൂന്യമായാൽ റോഡരികിൽ ഉപേക്ഷിക്കാറുണ്ട്. ഇവയിൽ ഉടമകളില്ലാത്തവ പ്രാദേശിക ഭരണകൂടംതന്നെ നീക്കംചെയ്യും. എന്നാൽ, നമ്പർ പ്ലേറ്റടക്കം രേഖകളുള്ള വാഹനങ്ങൾ ഒഴിവാക്കാൻ വ്യക്തികൾക്ക് ചെലവ് വരാറുണ്ട്. താമസസ്ഥലത്തുനിന്ന് വാഹനങ്ങൾ പൊളിക്കുന്നിടത്തേക്ക് എത്തിക്കാനും പണച്ചെലവുണ്ടാകും. ഇതിനു പുറമെ വാഹനങ്ങളുടെ രേഖ സ്വന്തം ഇഖാമ (റെസിഡൻറ് പെർമിറ്റി)ൽനിന്ന് നീക്കംചെയ്യാനും ഫീസുണ്ടാകും. എന്നാൽ, ഇത്തരത്തിലുള്ള ഫീസൊന്നുമില്ലാതെ തികച്ചും സൗജന്യമായി പഴയ വാഹനങ്ങൾ സ്വന്തം പേരിൽനിന്ന് ഒഴിവാക്കാനാണ് അവസരം വരുന്നത്. അടുത്ത വർഷം മാർച്ച് ഒന്നു മുതൽ ഒരു വർഷത്തേക്കാണ് ഇത്തരത്തിൽ അവസരം. ഈ കാലാവധിക്കുള്ളിൽ വ്യക്തികൾക്ക് രേഖകൾ സമർപ്പിച്ച് വാഹനം സ്വന്തം പേരിൽനിന്ന് ഒഴിവാക്കാം. ഈ വാഹനങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടെങ്കിൽ അതിെൻറ ചെലവും ഭരണകൂടം വഹിക്കും. ഇതുസംബന്ധിച്ച് ജനങ്ങളെ അറിയിക്കാൻ പ്രത്യേക കാമ്പയിൻ നടത്താനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

