പ്രവാസി പെൻഷൻ അപേക്ഷകളില്‍ അനാവശ്യ കാലതാമസം ഉടന്‍ പരിഹരിക്കണം - പ്രവാസി വെല്‍ഫയര്‍
text_fieldsജിദ്ദ: പ്രവാസി ക്ഷേമനിധി ബോര്‍ഡിലേക്ക് ലഭിക്കുന്ന പെൻഷൻ അപേക്ഷകളിൽ നടപടിയെടുക്കുന്നതിലുള്ള അനാവശ്യമായ കാലതാമസം ഇല്ലാതെയാക്കുന്നതിന് കേരള സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൻ പ്രോവിന്‍സ് കമ്മിറ്റി ആവശ്യപ്പെട്ടു. ബോർഡിന് ലഭിച്ച ആയിരക്കണക്കിന് അപേക്ഷകളിൽ ഒരു നടപടിയും സ്വീകരിക്കാതെ മാസങ്ങളായി കെട്ടിക്കിടക്കുന്നു.
അപേക്ഷകൾ പാസാക്കുന്നതിൽ സമയമെടുക്കുന്നതിനാൽ അപേക്ഷകർക്ക് പെൻഷൻ തുക ലഭിക്കുന്നതിലും കാലതാമസം നേരിടുന്നു. കേരള സർക്കാരിന്റെ ക്ഷേമ പെൻഷനുകളിൽ ഏറ്റവും വലിയ അംശാദായ തുകയായ 350 രൂപ തോതിൽ പ്രതിമാസം അടച്ചു 60 വയസ്സ് പൂർത്തിയാക്കിയ പ്രവാസികൾക്ക് ലഭിക്കേണ്ട പെൻഷൻ നിസ്സാരമായ കാരണങ്ങൾ സൂചിപ്പിച്ച് അപേക്ഷകൾ അനാവശ്യമായി നിരസിക്കുന്ന പ്രവണതയും കണ്ടുവരുന്നു.
ബോർഡിന്റെ ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം പ്രവാസി പെൻഷനിലുള്ള വിശ്വാസം പ്രവാസി സമൂഹത്തിന് നഷ്ടമാവുമെന്ന് തിരിച്ചറിയണമെന്നും വെൽഫെയർ സൗദി വെസ്റ്റേൻ പ്രോവിന്‍സ് കമ്മിറ്റി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷതവഹിച്ചു. ബഷീര്‍ ചുള്ളിയന്‍, സലീഖത്ത്, അബ്ദു സുബ്ഹാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുഹറ ബഷീർ സ്വാഗതവും ട്രഷറർ നൗഷാദ് പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

