അംഗീകാരമില്ലാത്ത യൂനിവേഴ്സിറ്റി എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ പിടികൂടി
text_fieldsജിദ്ദ: അംഗീകൃതമല്ലാത്ത യൂനിവേഴ്സിറ്റികളിൽനിന്നുള്ള 16,887 എൻജിനീയറിങ് സർട്ടിഫിക്കറ്റുകളാണ് കഴിഞ്ഞ വർഷം രാജ്യത്തെ വിദേശികൾ സമർപ്പിച്ചതെന്ന് സൗദി എൻജിനീയേഴ്സ് കൗൺസിൽ വെളിപ്പെടുത്തി.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളാണ് രജിസ്ട്രേഷന് വേണ്ടി ഇത്രയും അനംഗീകൃത സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത്. യോഗ്യമല്ലാത്തതും രജിസ്ട്രേഷനുള്ള വ്യവസ്ഥകൾ പാലിക്കാത്തതും കൊണ്ടുതന്നെ ഇൗ സർട്ടിഫിക്കറ്റുകൾ നിരസിച്ചതായി കൗൺസിൽ വക്താവ് എൻജി. അബ്ദുന്നാസിർ അബ്ദുല്ലത്തീഫ് പറഞ്ഞു. സൗദി അറേബ്യയിൽ ജോലി ചെയ്യാൻ എൻജിനീയർമാർക്ക് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണമെന്ന വ്യവസ്ഥ പലരും പാലിച്ചിട്ടില്ലെന്നും കണ്ടെത്തി.
ചിലർ അതോറിറ്റിയുടെ രജിസ്ട്രേഷൻ വ്യവസ്ഥകൾ പാലിക്കാത്ത സർട്ടിഫിക്കറ്റുകളാണ് നൽകിയത്. പലതും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽനിന്നുള്ള ഹ്രസ്വകാല പരിശീലന കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളാണ്. 2020ൽ 387 വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടിയിട്ടുണ്ട്.
വിവിധ രാജ്യക്കാരായ ജീവനക്കാർ സമർപ്പിച്ചതാണിത്. വ്യാജ യൂനിവേഴ്സിറ്റികളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള സർട്ടിഫിക്കറ്റുകളും സമർപ്പിച്ച കൂട്ടത്തിലുണ്ട്. 2020ൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത സ്വദേശികളുടെ എണ്ണം 13,465 ആണ്. എൻജിനീയറിങ് ജോലിയിലേർപ്പെടുന്നവർ അതിനുള്ള ചട്ടങ്ങൾ നിർബന്ധമായും പാലിക്കണം. രാജ്യത്തെ പ്രഫഷനൽ, എൻജിനീയറിങ് ജോലികൾ പരിരക്ഷിക്കുന്നതിന് എല്ലാ എൻജിനീയർമാരും അവരുടെ അസിസ്റ്റൻറുമാരും കൗൺസിലിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.
അംഗീകാരമില്ലാതെ എൻജിനീയറിങ് ജോലിയിലേർപ്പെടുന്നതും ഒാഫിസുകളും കമ്പനികളും സ്ഥാപിച്ച് പ്രവർത്തിക്കുന്നതും അംഗീകാരമില്ലാത്തവരെ ജോലിക്ക് വെക്കുന്നതും ശിക്ഷാർഹമാണ്. 10 ലക്ഷം റിയാൽ വരെ പിഴയുണ്ടാകുമെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

