സംയോജിത ജലവിഭവ മാനേജ്മെൻറ് സൗദി നേട്ടത്തെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ
text_fieldsസൗദി പരിസ്ഥിതി, ജല, കൃഷി ഡെപ്യൂട്ടി മന്ത്രി അബ്ദുൽ അസീസ് അൽ ശൈബാനി എസ്.ഡി.ജി സിക്സ് വാട്ടർ ആക്ഷൻ
പ്രോഗ്രാമിൽ സംസാരിക്കുന്നു
റിയാദ്: കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ നിരവധി പ്രധാന വെല്ലുവിളികൾ നേരിടുന്ന സംയോജിത ജലവിഭവ മാനേജ്മെൻറിൽ സൗദിയുടെ മികവാർന്ന നേട്ടങ്ങൾ ആഗോള ശ്രദ്ധയാകർഷിക്കുന്നു. രാജ്യം ഈ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ ഐക്യരാഷ്ട്രസഭ റിപ്പോർട്ട് പ്രശംസിച്ചു. ന്യൂയോർക്കിൽ നടന്ന ‘എസ്.ഡി.ജി സിക്സ് വാട്ടർ ആക്ഷൻ പ്രോഗ്രാം’ എന്ന പേരിലുള്ള പ്രത്യേക സമ്മേളനത്തിലാണ് സൗദി നേടിയ മഹത്തരമായ നേട്ടങ്ങൾ എടുത്തുപറഞ്ഞത്.
കടുത്ത ജലക്ഷാമം നേരിടുന്ന ഒരു പ്രദേശത്ത് ജലസുരക്ഷയും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിൽ രാജ്യം വഹിച്ച സംഭാവനകൾ പരിപാടികളിൽ ചർച്ചയായി. യു.എൻ സംഘടിപ്പിച്ച സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഉന്നതതല രാഷ്ട്രീയ ഫോറത്തിെൻറ ഭാഗമായാണ് പരിപാടി ഒരുക്കിയത്. എസ്.ഡി.ജി (സുസ്ഥിര വികസന ലക്ഷ്യങ്ങൾ) സിക്സ് പ്രകാരം സംയോജിത ജലവിഭവ മാനേജ്മെൻറിൽ വ്യക്തവും ശ്രദ്ധേയവുമായ പുരോഗതി എടുത്തുകാണിക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യയെ യു.എൻ അംഗീകരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ജലകാര്യ ഡെപ്യൂട്ടി മന്ത്രി അബ്ദുൽ അസീസ് അൽ ശൈബാനിയുടെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘം എസ്.ഡി.ജി സിക്സിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള സൗദി പ്രാവർത്തികമാക്കിയ പദ്ധതികൾ അവതരിപ്പിച്ചു. മേഖലയിലെ വിജയങ്ങളും ഗണ്യമായ പുരോഗതി കൈവരിക്കുന്ന രാജ്യങ്ങളും പരിപാടിയിൽ എടുത്തുകാട്ടി. സംയോജിത ജലവിഭവ മാനേജ്മെൻറിലെ ദ്രുതഗതിയിലുള്ള പുരോഗതിയുടെ വിജയഗാഥയായി സൗദിയെ റിപ്പോർട്ടിൽ എടുത്തുകാണിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
2017നും 2023നും ഇടയിൽ രാജ്യത്തിന്റെ ശ്രമങ്ങൾ കാര്യക്ഷമത, ഏകോപനം, സേവന നിലവാരം എന്നിവയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി അൽ ഷൈബാനി പറഞ്ഞു. രാജ്യത്തിന്റെ സംയോജിത ജലവിഭവ മാനേജ്മെൻറ് സൂചകം 57 ശതമാനത്തിൽനിന്ന് 83 ശതമാനമായി ഉയർന്നു. ഇത് എസ്.ഡി.ജി സൂചകം 6.5.1 പ്രകാരം ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വർധനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ നേതൃത്വത്തിന്റെ ശക്തമായ പിന്തുണ സുസ്ഥിര ജല മാനേജ്മെൻറിനെ സഹായിക്കുന്നതിന് ഘടനാപരവും സംഘടനാപരവുമായ കാര്യമായ പരിഷ്കാരങ്ങൾ സാധ്യമാക്കിയിട്ടുണ്ടെന്ന് വിലയിരുത്തുന്നു. ജല അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ഗണ്യമായ നിക്ഷേപങ്ങൾക്കൊപ്പം, ഈ ശ്രമങ്ങൾ രാജ്യത്തിന്റെ ‘പരിസ്ഥിതി പ്രാപ്തമാക്കൽ’ സ്കോർ 2017ൽ 42 ശതമാനത്തിൽനിന്ന് 2023ൽ 87 ശതമാനമായി ഉയർന്നതും വൻനേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

