ഉഭയകക്ഷി സന്ദർശനത്തിനായി കേന്ദ്രമന്ത്രി കിർത്തി വർധൻ സിങ് റിയാദിൽ എത്തി
text_fieldsറിയാദ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി കിർത്തി വർദ്ധൻ സിങ്ങിനെ ഇന്ത്യൻ അംബാസഡർ വിപുലും സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അന്താരാഷ്ട്രകാര്യ ഉപമന്ത്രി ഡോ. താരിഖ് അൽ ഹമദും ചേർന്ന് സ്വീകരിക്കുന്നു
റിയാദ്: സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി കിർത്തി വർദ്ധൻ സിങ് റിയാദിൽ എത്തിച്ചേർന്നു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
ഇന്ത്യൻ അംബാസഡർ വിപുലും സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അന്താരാഷ്ട്രകാര്യ ഉപമന്ത്രി ഡോ. താരിഖ് അൽ ഹമദും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സൗദി അറേബ്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായും പ്രതിനിധികളുമായും ഫലപ്രദമായ ഉഭയകക്ഷി ചർച്ചകളിൽ മന്ത്രി പങ്കെടുക്കും.
കൂടാതെ, രാജ്യത്തെ ഇന്ത്യൻ പ്രവാസികളുമായും ബിസിനസ്സ് പ്രമുഖരുമായും അർത്ഥവത്തായ ആശയവിനിമയങ്ങൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിെൻറ ഭാഗമായാണ് ഈ സന്ദർശനം. ഇതിെൻറ ഭാഗമായി റിയാദ് ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഓൾ ഇന്ത്യ സ്റ്റിയറിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സ്വീകരണ പരിപാടിയിലും മന്ത്രി പങ്കെടുക്കും. തിങ്കളാഴ്ച വൈകുന്നേരം 6.45-ന് റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ (ബോയ്സ് സെക്ഷൻ) അങ്കണത്തിലാണ് ചടങ്ങ് നടക്കുന്നത്.
ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ വർണാഭമായ കലാപരിപാടികളും ചടങ്ങിെൻറ ഭാഗമായി ഉണ്ടായിരിക്കും. പരിപാടികൾക്ക് ശേഷം അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള പ്രവാസി ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ നടപടികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

