സൗദിയിലെ രണ്ട് ജിയോപാർക്കുകൾക്ക് യുനെസ്കോ അംഗീകാരം
text_fieldsജിയോപാർക്ക്
റിയാദ്: സ്വാഭാവിക ജൈവപ്രകൃതിയിൽ രൂപപ്പെട്ട സൗദിയിലെ രണ്ട് ജിയോപാർക്കുകൾക്ക് യുനെസ്കോ അംഗീകാരം. നോർത്ത് റിയാദ് ജിയോപാർക്കിനും സൽമ ജിയോപാർക്കിനുമാണ് യുനെസ്കോയുടെ വേൾഡ് ജിയോപാർക്ക്സ് നെറ്റ്‌വർക്കിൽ ഔദ്യോഗികമായി അംഗത്വം ലഭിച്ചത്. സൗദിയുടെ ഭൂമിശാസ്ത്ര പൈതൃകത്തിന്റെ പ്രാധാന്യത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുള്ള പങ്കിനുമാണ് ഈ ആഗോള അംഗീകാരം.
3,200 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള 20 സ്ഥലങ്ങൾ നോർത്ത് റിയാദ് ജിയോപാർക്കിലുണ്ട്. ഭൂമിശാസ്ത്ര പൈതൃകം, വിദ്യാഭ്യാസം, ഗവേഷണം, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഓപൺ എയർ ഭൂമിശാസ്ത്ര മ്യൂസിയമാണിത്. ഭൂമിശാസ്ത്രപരവും ശാസ്ത്രീയവുമായ ടൂറിസത്തിന്റെ വികസനത്തിനും പരിസ്ഥിതി അവബോധം വളർത്തുന്നതിനും ഈ അംഗീകാരം സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ഹാഇൽ നഗരത്തിൽനിന്ന് 80 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന സൽമ ജിയോപാർക്ക് 3,145 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. സൽമ പർവതനിരകൾ ഇതിന്റെ ഒരു പ്രധാന ഭാഗമാണ്. ഏകദേശം 60 കിലോമീറ്റർ വരെ നീളുന്നു. സമുദ്രനിരപ്പിൽനിന്ന് 1,380 മീറ്റർ ഉയരത്തിലാണിത്.
പ്രകൃതി വൈവിധ്യം സംരക്ഷിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ അവരുടെ പരിസ്ഥിതി സമ്പത്ത് സുസ്ഥിര ശാസ്ത്രീയവും സാംസ്കാരികവുമായ വീക്ഷണകോണിലൂടെ പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദിയുടെ നിർദേശത്തിന്റെ ഭാഗമാണ് ഈ വർഗീകരണം. ഇത് ആഗോള ജിയോപാർക്കുകളുടെ ഭൂപടത്തിൽ സൗദിയുടെ സ്ഥാനം ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

