സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം: 13 പേർക്ക് പരിക്ക്; ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ
text_fieldsറിയാദ്: ഖമിസ് മുശൈത്, അബഹ, ത്വാഇഫ് എന്നീ നഗരങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അയച്ച് ഹൂതികൾ നടത്തിയ ആക്രമണത്തിൽ 13 പേർക്ക് നിസ്സാര പരിക്കുകളേൽക്കുകയും ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
സൗദിയിലെ സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതി മിലീഷ്യകൾ നടത്തുന്ന ഹീനവും ബോധപൂർവവുമായ ആക്രമണങ്ങൾ തുടരുന്നതായി സഖ്യസേന ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലിക്കി കുറ്റപ്പെടുത്തി. തിങ്കളാഴ്ച ഖമിസ് മുശൈത്, അബഹ, ത്വാഇഫ് എന്നീ നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 13 പേർക്ക് നിസ്സാര പരിക്കുകളേൽക്കുകയും ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ബോധപൂർവമായതും ആവർത്തിക്കപ്പെടുന്നതുമായ ആക്രമണങ്ങൾ തുടരുന്നത് ഹൂതി മിലീഷ്യകളുടെ അക്രമണോത്സുകമായ സമീപനത്തെയും സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള അവരുടെ തീവ്രവാദ ആശയഗതിയെയുമാണ് തെളിയിക്കുന്നതെന്ന് അൽമാലിക്കി പറഞ്ഞു.
യു.എൻ ചാർട്ടർ 51-ാം അനുച്ഛേദത്തിനും, സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും അനുസൃതമായി സൗദി അറേബ്യയുടെ പരമാധികാരവും സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ഇത്തരം ഹീനമായ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി സഖ്യസേനയുടെ സംയുക്ത സേനാ കമാൻഡ് ഉത്തരവാദിത്തത്തോടെയും ദൃഢതയോടെയും ഈ ആക്രമണങ്ങളെ നേരിടുമെന്ന് അൽമാലിക്കി പറഞ്ഞു.
തീവ്രനിലപാടുള്ള ഈ മിലീഷ്യകളെ പ്രതിരോധിക്കുന്നതിനും അവരുടെ ശത്രുതാപരവും തീവ്രവാദപരവുമായ സമീപനങ്ങളെ നേരിടുന്നതിനും ആവശ്യമായ എല്ലാ പ്രവർത്തനപരമായ നടപടികളും സഖ്യസേനയുടെ സംയുക്ത കമാൻഡ് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

