അണ്ടര്‍ 19 ഫുട്‌ബാള്‍: യമനുമായി ഇന്ത്യക്ക് സമനില
text_fieldsദമ്മാം: ഏഷ്യന്‍ ഫുട്‌ബാള്‍ കോൺഫെഡറേഷന്‍ കപ്പിെൻറ ഗ്രൂപ്പ് ഡി യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ യമനുമായി ഏറ്റുമുട്ടിയ ഇന്ത്യക്ക് സമനില. ആദ്യ കളിയിൽ കരുത്തരായ സൗദിയുമായി അഞ്ച് ഗോളിെൻറ തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് തകർപ്പൻ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. തുടക്കം മുതലേ ആക്രമിച്ച് കളിച്ച ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് മുന്നേറിയത്. എങ്കിലും, ലക്ഷ്യം കണ്ടെത്താമായിരുന്ന ഒമ്പതോളം തുറന്ന അവസരങ്ങൾ ഇന്ത്യൻ സ്ട്രൈക്കർമാർ തുലച്ചു. ഇന്ത്യൻ ഗോളി ധീരജ് സിങ് നിരവധി സേവുകളിലൂടെ പ്രതിരോധ കോട്ട തീർത്ത് രക്ഷകനായി. മലയാളി താരം രാഹുൽ ഉൾപ്പെടെ ഇന്ത്യയുടെ മൂന്ന് താരങ്ങൾക്ക് മഞ്ഞകാർഡ് ലഭിച്ചു.
അതേസമയം, ഇന്ത്യന്‍ പ്രതിരോധ നിരയിലെ പിഴവുകളിലൂടെ മുന്നേറിയ യമൻ സ്ട്രൈക്കർമാർക്കും ഗോൾവല കുലുക്കാനായില്ല. വിശേഷിച്ചും യമെൻറ മികച്ച താരം അബ്ദുൽ മജീദ് ഗോളെന്നുറപ്പിച്ച നാലോളം അവസരങ്ങളാണ് പാഴാക്കിയത്. രണ്ടാം പകുതിയിൽ ഗോളിയെയും മറികടന്ന് ഇന്ത്യൻ ഗോൾമുഖത്ത് കടന്നുവന്ന പന്ത് അദ്ഭുതകരമായാണ് ഇന്ത്യൻ ടീമംഗം തട്ടിയകറ്റിയത്. വിവിധ പ്രാദേശിക ഫുട്ബാൾ ടീമുകളുടെ ജഴ്സിയണിഞ്ഞ് ഗാലറിയിൽ ആരവംമുഴക്കി മലയാളികളടക്കമുള്ള പ്രവാസി സമൂഹം ഇന്ത്യൻ ടീമിന് ആവേശം പകരാനെത്തിയിരുന്നു. ബുധനാഴ്ച തുർക്കുമെനിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
