ഹൂതികൾ സൗദിക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല; യു.എൻ സെക്രട്ടറി ജനറൽ
text_fieldsഅന്റോണിയോ ഗുട്ടെറസ്
റിയാദ്: യമനിലെ ഹൂതികൾ സൗദി അറേബ്യക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് യു.എൻ സെക്രട്ടറി ജനറൽ ഇക്കാര്യം പറഞ്ഞത്. സൗദിയിലെ സിവിലിയൻ സ്ഥാപനങ്ങൾക്ക് നേരെ ഹൂതികൾ തുടരുന്ന ആക്രമണങ്ങളിലും യമനിലെ തായിസിന് സമീപം വർധിച്ചുവരുന്ന സംഘർഷങ്ങളിലും യു.എൻ സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചു. ഇവ സാധാരണക്കാർക്ക് വലിയ ദുരിതം വരുത്തിവെക്കുകയും പ്രാദേശികമായ സംഘർഷങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ, വിമാനത്താവളങ്ങൾ, ഊർജ്ജ കേന്ദ്രങ്ങൾ എന്നിവക്ക് നേരെയുള്ള ആക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണം. സംഘർഷങ്ങളുടെ വർധനവ് മാനുഷിക ദുരിതം ഇരട്ടിയാക്കുന്നുവെന്നും ഊർജ വിപണികൾ, വിതരണ ശൃംഖലകൾ, സാമ്പത്തിക വ്യവസ്ഥകൾ എന്നിവയിലേക്ക് അതിന്റെ ആഘാതം വ്യാപിച്ച് ലോകമെമ്പാടുമുള്ള ജീവിതച്ചെലവിന്റെ സമ്മർദ്ദം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യമനിൽ എല്ലാവരും സംയമനം പാലിക്കണമെന്നും ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിന് ശ്രമിക്കണമെന്നും യു.എൻ നടത്തുന്ന പരിശ്രമങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് യു.എൻ സെക്രട്ടറി ജനറൽ അഭ്യർഥിച്ചു. പോരാട്ടം അവസാനിപ്പിക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ട 2തിന്റെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും നിലനിർത്തേണ്ടതിന്റെയും ആവശ്യകതയും യു.എൻ സെക്രട്ടറി ജനറൽ ഊന്നിപ്പറഞ്ഞു.

