സൗദിക്കും കപ്പൽച്ചാലുകൾക്കുമെതിരായ ഹൂതി ഭീഷണി: കടുത്ത ആശങ്ക രേഖപ്പെടുത്തി യു.എൻ
text_fieldsറിയാദ്/ന്യൂയോർക്ക്: സൗദി അറേബ്യക്കും ചെങ്കടലിലെ സുപ്രധാന കപ്പൽച്ചാലുകളിലെ നാവിക സ്വാതന്ത്ര്യത്തിനും നേരെ ഹൂതി മിലിഷ്യകൾ ഉയർത്തുന്ന പുതിയ ഭീഷണികളിൽ ഐക്യരാഷ്ട്രസഭ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇത്തരത്തിലുള്ള നടപടികൾ മേഖലയിൽ കൂടുതൽ വ്യാപകമായ സംഘർഷത്തിന് വഴിവെക്കുമെന്ന് അന്താരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകി.
മേഖലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും തലപൊക്കുന്ന ശത്രുതയിലും സംഘർഷാവസ്ഥയിലും സംഘടനക്ക് അതീവ ഉത്കണ്ഠയുണ്ടെന്ന് യു.എൻ സെക്രട്ടറി ജനറലിെൻറ വക്താവ് സ്റ്റെഫാൻ ദുജാറിക് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രകോപനങ്ങൾ അവസാനിപ്പിച്ച് അടിയന്തരമായി സംഘർഷ ലഘൂകരണത്തിന് തയ്യാറാകുന്നത് അത്യന്താപേക്ഷിതമാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ അനുസരിച്ചുള്ള കടമകൾ എല്ലാ കക്ഷികളും പാലിക്കണമെന്നും, തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാൻ മുന്നോട്ടുവരണമെന്നും യു.എൻ ആവശ്യപ്പെട്ടു.
ചെങ്കടലിലെ കപ്പൽ ഗതാഗതത്തിലുണ്ടാകുന്ന ഏതൊരു തടസ്സവും യു.എന്നിെൻറ വിതരണ ശൃംഖലയെ ബാധിക്കും. പ്രത്യേകിച്ച് മാനുഷിക സഹായ സാമഗ്രികൾ എത്തിക്കുന്നതിനെയും സമാധാന പരിപാലന ദൗത്യങ്ങൾക്കുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. കൂടാതെ ആഗോള വ്യാപാരം, ഊർജ്ജ മേഖല, പൊതു വാണിജ്യ രംഗം എന്നിവയിലും ഇത് വലിയ ആഘാതം സൃഷ്ടിക്കും. ഹുർമുസ് കടലിടുക്കിെൻറ ഭാഗികമായ അടച്ചുപൂട്ടൽ നിലവിൽ സൃഷ്ടിച്ചിട്ടുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾക്കിടയിലാണ് പുതിയ പ്രതിസന്ധി രൂപപ്പെടുന്നതെന്നും വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തുമെന്നതടക്കമുള്ള ഹൂതികളുടെ ഭീഷണികളെ ബ്രിട്ടൻ ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ മേഖലയിലെ സുസ്ഥിരത തകർക്കുകയും ചെങ്കടലിലെ നാവിക സ്വാതന്ത്ര്യത്തിന് ഭീഷണിയാവുകയും ചെയ്യും. കൂടാതെ യെമനിൽ തുടരുന്ന സമാധാന ശ്രമങ്ങളെ ഇത് പൂർണമായും അട്ടിമറിക്കുമെന്നും ബ്രിട്ടൻ പ്രസ്താവിച്ചു.
മേഖലയിൽ ഉയർന്നുവരുന്ന ഭീഷണികളെ നേരിടുന്നതിൽ സൗദി അറേബ്യക്കും മറ്റ് പങ്കാളിത്ത രാജ്യങ്ങൾക്കുമൊപ്പം ഉറച്ചുനിൽക്കുമെന്ന് യു.കെ ഫോറിൻ, കോമൺവെൽത്ത് ആൻറ് ഡെവലപ്‌മെൻറ് ഓഫീസ് വ്യക്തമാക്കി. പ്രകോപനപരമായ ഇത്തരം നടപടികൾ ഹൂതി മിലിഷ്യ ഉടനടി അവസാനിപ്പിക്കണമെന്നും യു.കെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

