ഉംറ വിസക്കാർ രാജ്യംവിടാൻ അവസാന മണിക്കൂറുകൾക്കായി കാത്തിരിക്കരുത്
text_fieldsറിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയവർക്ക് രാജ്യത്ത് തങ്ങാനുള്ള അവസാന തീയതി ഏപ്രിൽ 29 (വ്യാഴാഴ്ച) ആയിരിക്കെ യാത്ര അവസാന മണിക്കൂറുകൾക്കായി കാത്തുവെക്കരുതെന്ന് സാമൂഹികപ്രവർത്തകർ മുന്നറിയിപ്പ് നൽകി. മന്ത്രാലയം കാലാവധി നീട്ടി നൽകുമെന്ന് ഉൾപ്പെടെയുള്ള കിംവദന്തികൾ പരക്കുന്നുണ്ട്. ഇത് വിശ്വസിച്ചോ കാലാവധി നീട്ടുമെന്ന് പ്രതീക്ഷിച്ചോ ടിക്കറ്റ് ഉൾപ്പെടെ യാത്രാ ഒരുക്കത്തിൽ വീഴ്ച വരുത്തരുത്.
അവസാന തീയതിയിൽ ടിക്കറ്റെടുക്കുന്നത് പരമാവധി ഒഴിവാക്കുക. വിമാന സർവിസിൽ ഏതെങ്കിലും രീതിയിലുള്ള തടസ്സം നേരിടുകയോ വിമാനം മണിക്കൂറുകൾ വൈകുകയോ ചെയ്താൽ സമയത്തിന് മുമ്പ് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ വരും. അതോടെ നിയമ ലംഘകരാകും. ഇതെല്ലാം മുന്നിൽകണ്ട് യാത്ര ക്രമീകരിക്കണം. രാജ്യം വിടേണ്ട തീയതി അവസാനിച്ചാൽ പിന്നീട് വലിയ തുക പിഴയായി നൽകേണ്ടി വരും. മാത്രമല്ല പിന്നീട് സൗദിയിലേക്ക് യാത്ര വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വന്നേക്കുമെന്നും സാമൂഹികപ്രവർത്തകർ ഓർമപ്പെടുത്തുന്നു.
വിസ കാലാവധി അവസാനിച്ചതിനുശേഷം ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാതെ വരികയും ചികിത്സക്ക് സ്വകാര്യ ആശുപത്രികളിൽ വലിയ തുക ചെലവിടേണ്ടിയും വരും.
ആശ്രിതർക്കുള്ള മൾട്ടിപ്ൾ വിസയുടെ കാലാവധി ഒരുമാസമായി കുറച്ചതോടെ കുടുംബങ്ങൾ ഏറെയും ഇത്തവണ ആശ്രയിച്ചത് ഉംറ വിസയാണ്. ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉംറ വിസയിൽ നിലവിൽ സൗദിയുടെ വിവിധ പ്രവിശ്യകളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

