ഉംറ പുനരാരംഭിക്കുന്നത് ഏഴുമാസത്തിനുശേഷം
text_fieldsജിദ്ദ: ഏഴുമാസത്തിന് ശേഷമാണ് മസ്ജിദുൽ ഹറം ഉംറക്കും ത്വവാഫിനും തുറന്നുകൊടുക്കുന്നത്. കോവിഡ് വ്യാപനം തടയാൻ ഇൗ വർഷം ഫെബ്രുവരി 27നാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്കും മാർച്ച് നാലിന് ആഭ്യന്തര തീർഥാടകർക്കും നിരോധനം ഏർപ്പെടുത്തിയത്. അന്നുമുതൽ ഹറമിനുള്ളിലേക്ക് ആളുകളുടെ പ്രവേശനത്തിന് കർശന സമയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ മാർച്ച് 19 മുതൽ ഹറമിനുള്ളിലേക്കും ഹറം മുറ്റങ്ങളിലും പുറത്തുനിന്ന് ആളുകൾ പ്രവേശിക്കുന്നതിന് പൂർണമായും വിലക്കേർപ്പെടുത്തി. പൊതുജനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ മുടങ്ങാതെ ഹറമിൽ തുടർന്നു. ഹറം കാര്യാലയ ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും തൊഴിലാളികളും അനിവാര്യമായും അവിടെ ഉണ്ടാകേണ്ടവരും മാത്രമായിരുന്നു ആ നമസ്കാരങ്ങളിൽ പെങ്കടുത്തിരുന്നത്. കർശനമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് ഹറമിനകത്തേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. കവാടങ്ങളിൽ തെർമൽ കാമറകളും സ്വയം അണുനശീകരണ ശേഷിയുള്ള കവാടങ്ങളും ഒരുക്കി.
ആരോഗ്യ സുരക്ഷ കാര്യങ്ങൾ ഉറപ്പുവരുത്താൻ റെഡ്ക്രസൻറ്, ആരോഗ്യ കാര്യാലയം എന്നിവയുടെ ഉദ്യോഗസ്ഥരും ഹറമിൽ സേവനത്തിനായി മുഴുവൻസമയം രംഗത്തുണ്ടായിരുന്നു. റജബ്, ശഅ്ബാൻ, റമദാൻ മാസങ്ങളിൽ ഉംറ തീർഥാടകർ ഏറ്റവും കൂടുതലായെത്തുന്ന സമയമായിരുന്നുവെങ്കിലും കോവിഡ് കാരണം ഇത്തവണ ഹറമും പരിസരവും പൂർണമായും വിജനമായിരുന്നു. തീർഥാടകരുടെ തിരക്കോ ഇഫ്താറുകളോ ഒന്നും ഇല്ലായിരുന്നു. രാജ്യത്തിനകത്തെ പരിമിതമായ ആളുകളുമായി ഹജ്ജ് കർമം നടന്ന വേളയിൽ കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച് ത്വവാഫിനായി തീർഥാടകർക്ക് മസ്ജിദുൽ ഹറം തുറന്നുകൊടുത്തിരുന്നു.
കോവിഡ് മുൻകരുതലായി അടച്ചിട്ട മസ്ജിദുന്നബവി നമസ്കാരത്തിനായി ആളുകൾക്ക് തുറന്നു കൊടുത്തിരുന്നുവെങ്കിലും മസ്ജിദുൽ ഹറമിലേക്കുള്ള പ്രവേശന വിലക്ക് തുടരുകയായിരുന്നു. ഇപ്പോൾ രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് വന്നതോടെ വിദഗ്ധ സമിതിയുടെ ശിപാർശയെ തുടർന്നാണ് ഹറം തീർഥാടകർക്കായി തുറന്നുകൊടുത്തിരിക്കുന്നത്. കോവിഡ് റിപ്പോർട്ട് ചെയ്തതുമുതൽ ഇരുഹറമുകളിലും കർശനമായ ആരോഗ്യ മുൻകരുതൽ നടപടികളാണ് ഇരുഹറം കാര്യാലയം സ്വീകരിച്ചത്.
അണുമുക്തമാക്കുന്നതിനും ശുചീകരണ ജോലികളും ഉൗർജിതമാക്കി. അതിനായി നൂതന സാേങ്കതിക സംവിധാനങ്ങൾ ഏർപ്പെടുത്തി. പ്രത്യേക ഷെഡ്യൂൾ നിശ്ചയിച്ചു. ഉയർന്ന നിലവാരത്തിലും സുരക്ഷിതവും ദോഷകരമല്ലാത്തതും പരിസ്ഥിതിക്ക് അനുയോജ്യവുമായ ശുചീകരണ പദാർഥങ്ങളാണ് ഉപയോഗിച്ചിരുന്നത്. നാല് ഷിഫ്റ്റുകളിലായി സ്ത്രീകളും പുരുഷന്മാരുമായി രണ്ടായിരത്തിലധികം ജോലിക്കാർ ഹറമിൽ ശുചീകരണത്തിനായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

