തീർഥാടകർക്കായി ‘ഉംറയ്ക്കായി വരുന്നു’ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു
text_fieldsമക്ക: ഉംറ തീർഥാടകർക്ക് മികച്ച സേവനങ്ങളും മാർഗനിർദേശങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹജ്ജ്-ഉംറ മന്ത്രാലയം ‘ഉംറയ്ക്കായി വരുന്നു’ എന്ന പേരിൽ വിപുലമായ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. റമദാനിലെ തിരക്കേറിയ സീസൺ മുന്നിൽകണ്ട് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും അവരുടെ ആത്മീയ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി.
ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങൾ, പാലിക്കേണ്ട നടപടിക്രമങ്ങൾ, പെരുമാറ്റച്ചട്ടങ്ങൾ എന്നിവയെക്കുറിച്ച് തീർഥാടകരെ ബോധവത്കരിക്കുക, സൗദി വിഷൻ 2030-ന്റെ ഭാഗമായി തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുക, യാത്രയുടെ ആരംഭം മുതൽ മടക്കം വരെ ഡിജിറ്റൽ, ഭൗതിക മാധ്യമങ്ങളിലൂടെ തീർഥാടകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
സേവനങ്ങളെയും മാർഗനിർദേശങ്ങളെയും കുറിച്ച് തീർഥാടകരിൽ അവബോധം വളർത്തുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. റമദാൻ അവസാനം വരെ നീളുന്ന ഈ കാമ്പയിൻ വിവിധ സർക്കാർ-സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, ഇരുഹറമുകൾ എന്നിവയുൾപ്പെടെ 18-ലധികം സമ്പർക്ക കേന്ദ്രങ്ങൾ വഴി ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കും.
സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽ നിന്നുള്ള 24-ലധികം സ്ഥാപനങ്ങൾ ഈ പദ്ധതിയിൽ അണിനിരക്കുന്നു. തീർഥാടകർക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കാൻ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സജീവമാക്കും. തീർഥാടകരുടെ ആത്മീയ യാത്ര കൂടുതൽ ധന്യമാക്കാനും സുരക്ഷിതമാക്കാനും ഈ കാമ്പയിൻ വലിയ പങ്കുവഹിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

