33 മലയാളി ഉംറ തീർഥാടകരുടെ മടക്കയാത്ര മുടങ്ങി

08:00 AM
09/05/2019

ജിദ്ദ:  ട്രാവല്‍ ഏജൻറ്​ ചതിച്ചതോടെ  മക്കയിൽ കുടുങ്ങിയ 33 ഉംറ തീര്‍ഥാടകരുടെ യാത്ര മുടങ്ങി. പാലക്കാട് മണ്ണാര്‍ക്കാട് ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സിന് കീഴിലെത്തിയ തീര്‍ഥാടകരുടെ മടക്ക യാത്രാടിക്കറ്റ് ഏജൻറ്​ റദ്ദാക്കിയതോടെയാണ് യാത്ര മുടങ്ങിയത്​. എംബസിയും കോണ്‍സുലേറ്റും ഇടപെട്ട് മടക്കയാത്രക്ക് സംവിധാനമുണ്ടാക്കാമെന്ന ഉറപ്പിന്മേല്‍ തീര്‍ഥാടകരെ ജിദ്ദയിലെ ഹോട്ടലിലേക്ക് മാറ്റി.  ആകെ  84 പേരില്‍ മുപ്പതിലേറെ പേരായിരുന്നു ബുധനാഴ്​ച ഉച്ചക്കുള്ള വിമാനത്തില്‍ മടങ്ങേണ്ടിയിരുന്നത്.  ട്രാവല്‍ ഏജൻറ്​ ടിക്കറ്റ് ക്യാന്‍സല്‍‌ ചെയ്ത് റീഫണ്ട് ചെയ്തെന്നാണ് എയര്‍ ലൈൻസ്​ അധികൃതർ നല്‍കുന്ന വിശദീകരണം. 
സാധാരണ ഉംറ തീര്‍ഥാടകരെ ഒന്നിച്ച് ഒരു വിമാനത്തിലാണ് ഏജന്‍സി കൊണ്ടു വരാറ്.

പക്ഷേ,  വ്യത്യസ്ത വിമാനങ്ങളിൽ ഘട്ടം ഘട്ടമായി ബുക്ക് ചെയ്താണ് ഇവരെ എത്തിച്ചത്. ഇതോടെ യാത്രക്കാരെ ആര് നാട്ടിലെത്തിക്കുമെന്നായി ചര്‍ച്ച. ഒടുവില്‍ എംബസി -കോണ്‍സുലേറ്റ് പ്രതിനിധികളും എയര്‍ലൈന്‍സ് അധികൃതരും തീര്‍ഥാടകരുടെ  സൗദി ഏജന്‍സിയും തമ്മില്‍ ചര്‍ച്ച നടത്തി. ഘട്ടം ഘട്ടമായി വിമാനങ്ങളില്‍ വരും ദിനങ്ങളില്‍ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് ഉംറ ഏജന്‍സിയില്‍ നിന്നും ലഭിച്ച ഉറപ്പ്. ഇതിനായി തീര്‍ഥാടകരെ ജിദ്ദയിലെ ഹോട്ടലിലേക്ക് മാറ്റി. ഉംറ ഗ്രൂപ്​ അധികൃതർ ഹോട്ടല്‍ ചാർജും യാത്രാ ടിക്കറ്റ് തുകയും അടക്കാത്തതിനാൽ മക്കയിൽ കുടങ്ങിയ 84 മലയാളി ഉംറ തീര്‍ഥാടകരുടെ പ്രശ്നത്തില്‍ ഹജ്ജ്- ഉംറ മന്ത്രാലയം ഇടപെട്ടിരുന്നു.  ഹോട്ടല്‍ ചാർജും യാത്രാ ടിക്കറ്റ് തുകയും ഏജൻറ്​ അടക്കാത്തതിനാലാണ്​ ഇവർ മക്കയില്‍ കുടുങ്ങിയത്.  കഴിഞ്ഞ മാസം 24ന്​ എത്തിയതാണ്​  സംഘം.  

Loading...
COMMENTS