ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് മരണം; 29 പേർക്ക് പരിക്ക്
text_fieldsതബൂക്ക്: ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. തബൂക്ക്^മദീന റോഡിലാണ് ജോർദാനിൽ നിന്നുള്ള 37 തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്.
ഉംറ നിർവഹിച്ചു മടങ്ങുകയായിരുന്നു യാത്രികർ. എട്ട് പേരുടെ പരിക്ക് ഗുരുതരമാണെന്ന് തബൂക്ക് മേഖല റെഡ്ക്രസൻറ് വക്താവ് ഖാലിദ് അൽ അൻസി പറഞ്ഞു.
പരിക്കേറ്റവരെ കിങ് ഖാലിദ് ആശുപത്രി, കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. റെഡ്ക്രസൻറ്, ആരോഗ്യ വകുപ്പ്, കിങ് ഖാലിദ് സൈനികാശുപത്രി എന്നിവിടങ്ങളിൽ നിന്നായി 24 ആംബുലൻസ് യൂനിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. റെഡ്ക്രസൻറ്, ട്രാഫിക്, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ജിദ്ദയിൽ നിന്ന് ജോർദാൻ കോൺസൽ ജനറൽ സംഭവ സ്ഥലത്തെത്തി. പരിക്കേറ്റവരെ അദ്ദേഹം സന്ദർശിച്ചു.
