ഉമ്മുകുൽസും സൗദിയിൽ പാടും; മരണത്തിന് അരനൂറ്റാണ്ടിനുശേഷം
text_fieldsറിയാദ്: അറബ് ലോകത്തെ ഇതിഹാസ ഗായിക ഉമ്മുകുൽസുമിനെ വീണ്ടും കാണാൻ സൗദി നിവാസികൾക്ക് അവസരമൊരുങ്ങുന്നു. ലോകത്തെ വിസ്മയിപ്പിച്ച ആ മാസ്മരനാദം മരണത്തിന് നാലരപ്പതിറ്റാണ്ടിനിപ്പുറം ഇവിടെ വീണ്ടും മുഴുങ്ങും. ഹോളോഗ്രാം പ്രൊജക്ഷൻ സാേങ്കതിക വിദ്യയിലൂടെ സൗദിയിൽ ആദ്യമായി ഉമ്മുകുൽസുമിനെ പുനരവതരിപ്പിക്കുകയാണ്. ഉമ്മുകുൽസുമും ആദ്യമായാണ് ഹോളോഗ്രാം പ്രൊജക്ഷനിൽ എത്തുന്നത്. അടുത്തവർഷം നടക്കുന്ന പരിപാടിയുടെ വീഡിയോ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘ഉമ്മുകുൽസും ഇൻ സൗദി അറേബ്യ’ എന്ന ഹാഷ്ടാഗ് മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു. പരിപാടിയുടെ വേദിയോ തിയതിയോ പ്രഖ്യാപിച്ചിട്ടില്ല.
എന്നിട്ടും വൻ പ്രതികരണമാണ് ആരാധകർക്കിടയിൽ ഉണ്ടായത്. 50 വർഷത്തിലേറെ നീണ്ട മഹത്തായ സംഗീത ജീവിതത്തിനുടമയായ ഇൗജിപ്ത് സ്വദേശി ഉമ്മുകുൽസുമിന് ഇന്നും വലിയ ആരാധകവൃന്ദമുണ്ട്. ‘കിഴക്കിെൻറ താരകം’ എന്ന് പുകഴ്പെറ്റ അവർ പാടിയ നൂറുകണക്കിന് ഗാനങ്ങൾ ഇന്നും അറബികളുടെ ഇഷ്ടഗാനങ്ങളിലുണ്ട്. ‘അൽ അത്ലാൽ’, ‘എൽഹുബ്ബു കുല്ലു’, ‘യാ സാലിമെനി’ , ‘ഹൈറാത്ത് അൽബി മഅക്’ എന്നീ അനശ്വര ഗാനങ്ങൾ ഇപ്പോഴും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നു. 1898 ൽ നൈൽ തടത്തിലെ ദാഖ്ലിയയിൽ ജനിച്ച ഉമ്മുകുൽസും ചെറുപ്പത്തിലേ തന്നെ സംഗീതരംഗത്തേക്ക് കടക്കുകയായിരുന്നു. 20ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ അറബ് വനിതകളിലൊന്നായി അവർ മാറിയത് പിൽക്കാല ചരിത്രം.
1944 ൽ അന്നത്തെ ഇൗജിപ്തിലെ രാജാവായി ഫാറൂഖ് അവർക്ക് നിഷാൻ ഇ കമാൽ എന്ന പരമോന്നത ബഹുമതി നൽകി ആദരിച്ചു. 1967 ലെ ആറുദിന യുദ്ധത്തിന് ശേഷം ഉമ്മുകുൽസും പുറത്തിറക്കിയ ദേശാഭിമാന ഗാനങ്ങൾ അറബ് ലോകത്തെങ്ങും അലയടിച്ചു. 80 ദശലക്ഷം റെക്കോഡുകളാണ് അവരുടേതായി ഇതുവരെ വിറ്റുപോയിട്ടുള്ളത്. 1975 ഫെബ്രുവരി മൂന്നിന് വൃക്ക രോഗത്തെ തുടർന്നാണ് അവർ മരിച്ചത്. കൈറോയിൽ നടന്ന ഖബറടക്ക ചടങ്ങുകൾക്ക് അരക്കോടിയോളം പേർ പെങ്കടുത്തു. മരണത്തിന് പതിറ്റാണ്ടുകൾക്ക് ശേഷവും ഉമ്മുകുൽസുമിന് സൗദിയിൽ ഉൾപ്പെടെ വൻ സ്വീകാര്യതയുണ്ട്. അതിനുള്ള തെളിവാണ് അവരുടെ പ്രത്യേക പരിപാടി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഉണ്ടായ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
