റഷ്യയുമായി ചർച്ചക്ക് സമ്മതിച്ച് യുക്രെയ്ൻ
text_fieldsജിദ്ദയിൽ ചർച്ചക്ക് ശേഷം അമേരിക്കൻ, യുക്രെനിയൻ പ്രതിനിധികൾ സൗദി പ്രതിനിധികൾക്കൊപ്പം
ജിദ്ദ: യുക്രെയ്നുമായുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിൽ സൗദി അറേബ്യക്ക് നന്ദി പറഞ്ഞ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ചൊവ്വാഴ്ച സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മുൻകൈയിൽ ജിദ്ദയിൽ നടന്ന എട്ട് മണിക്കൂർ നീണ്ട യു.എസ്, യുക്രെയ്ൻ ഒന്നാംഘട്ട ചർച്ചകൾക്ക് ശേഷമാണ് നന്ദിപ്രകടനം. യോഗത്തിൽ റഷ്യയുമായി ഉടൻ ചർച്ച നടത്താൻ യുക്രെയ്ൻ സമ്മതിച്ചു. വെടിനിർത്തൽ നിർദേശമുണ്ടായി. ഇത് രണ്ടും മോസ്കോയിൽ വാഷിങ്ടൺ അവതരിപ്പിക്കുമെന്നും അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
സമാധാനത്തിന് തയാറാണെന്ന് യുക്രേനിയൻ പ്രതിനിധിസംഘം പറഞ്ഞതായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് പറഞ്ഞു. കീവ് പ്രതിനിധി സംഘം വെടിനിർത്തൽ അംഗീകരിക്കുന്നതിനുള്ള സൂചന നൽകിയിട്ടുണ്ട്. യുക്രെയ്നുമായുള്ള ഉടമ്പടി നിർദേശത്തെക്കുറിച്ച് റഷ്യയുമായി സംസാരിക്കും. റഷ്യൻ മറുപടിക്കായി കാത്തിരിക്കുന്നുവെന്നും വാൾട്ടസ് പറഞ്ഞു. യുക്രെയ്നിലെ യുദ്ധം അവസാനിക്കുമോ എന്നല്ല ‘എങ്ങനെ’ എന്നതാണ് ഇപ്പോഴത്തെ ചോദ്യമെന്നും വാൾട്ട്സ് പറഞ്ഞു.
യുക്രെയ്നിൽ സമാധാനം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുകൾ ജിദ്ദ യോഗം കൈവരിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൊവ്വാഴ്ച വ്യക്തമാക്കി. റഷ്യ അനുസരിച്ചാൽ 30 ദിവസത്തെ വെടിനിർത്തലിന് ജിദ്ദ യോഗത്തിൽ യുക്രെയ്ൻ സമ്മതിച്ചിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. റഷ്യയുമായുള്ള യുദ്ധത്തിൽ 30 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള യു.എസ് നിർദേശത്തെ യുക്രെയ്ൻ പിന്തുണച്ചു.
സ്ഥിരമായ സമാധാന ചർച്ചകൾ ഉടനടി ആരംഭിക്കുന്നതിന് യുക്രെയ്ൻ ഒരു ചർച്ചാ സംഘത്തെ രൂപവത്കരിക്കുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. ചൊവ്വാഴ്ച ജിദ്ദയിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഡോ. മുസാഇദ് അൽഅയ്ബാന്റെയും സാന്നിധ്യത്തിലാണ് യു.എസ്, യുക്രെയ്ൻ ആദ്യ റൗണ്ട് ചർച്ചകൾ നടന്നത്. ചർച്ചകൾ ‘നന്നായി’ നടന്നതായും ‘സൃഷ്ടിപരവും ഫലപ്രദവുമാണെന്നും’ അമേരിക്കൻ, യുക്രേനിയൻ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു.
സൗദിയുടെ മധ്യസ്ഥതയിലൂടെ പ്രതിസന്ധി പരിഹരിക്കുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളിലൂടെ റഷ്യൻ-യുക്രേനിയൻ പ്രതിസന്ധിക്ക് അന്ത്യംകുറിക്കുന്ന കരാറുകളിൽ എത്തുന്നതിലേക്ക് ചർച്ചകൾ പുരോഗമിച്ചിട്ടുണ്ട്. യുക്രെയ്ൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ഏക പരിഹാരം ചർച്ചകളാണെന്നും സമാധാനത്തിലേക്കും വെടിനിർത്തലിലേക്കും യുക്രെയ്ൻ നല്ല ചുവടുവെപ്പ് നടത്തുകയാണെന്നും ചർച്ചകൾക്ക് ശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത് ശുഭസൂചനയായാണ് ലോകം വിലയിരുത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.