യു.എഫ്.സി ഫുട്ബാൾ മേള; ജുബൈൽ എഫ്.സി, ബദർ എഫ്.സി, ഫിനിക്സ് ടീമുകൾ ക്വാർട്ടറിൽ
text_fieldsയു.എഫ്.സി ഫുട്ബാൾ മേളയിൽ പ്ലയർ ഓഫ് ദ മാച്ചായി
തെരഞ്ഞെടുക്കപ്പെട്ട ബദർ എഫ്.സിയുടെ ശിബിലി ട്രോഫി
ഏറ്റുവാങ്ങുന്നു
അൽ ഖോബാർ: യുനൈറ്റഡ് ഫുട്ബാൾ ക്ലബ് (യു.എഫ്.സി) 17ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗാലപ്പ് യു.എഫ്.സി ചാമ്പ്യൻസ് കപ്പിന്റെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കളികളിൽ സ്പോർട്ടിങ് ഖാലിദിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ജുബൈൽ എഫ്.സിയും മാഡ്രിഡ് എഫ്.സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി ബദർ എഫ്.സിയും ക്വാർട്ടറിൽ പ്രവേശിച്ചു.
ആവേശകരമായ മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയരായ യു.എഫ്.സിയെ പരാജയപ്പെടുത്തി എഫ്.സി ദമ്മാമും എതിർ ടീമെത്താത്തത് കൊണ്ട് ഫിനിക്സ് എഫ്.സിയും ടൂർണമെൻറിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. കളിയിലെ കേമന്മാരായി യഥാക്രമം ജുബൈൽ എഫ്.സിയുടെ പ്രിൻസിനെയും ബദർ എഫ്.സിയുടെ ശിബിലിയെയും എഫ്.സി ദമ്മാമിന്റെ ഷാഹിറിനെയും തെരഞ്ഞെടുത്തു.
മികച്ച കളിക്കാർക്കുള്ള ട്രോഫിയും പുരസ്കാരങ്ങളും വ്യാപാര-വാണിജ്യ കായിക രംഗത്തെ പ്രമുഖരായ ഹക്കീം തെക്കിൽ, അബ്ദുല്ല അൽ ഹാജരി, ലിയാഖത്ത് കരങ്ങാടൻ, ആസിഫ് കൊണ്ടോട്ടി, സമീഹ് ഹംസ, ഫസൽ ജിഫ്രി, സകീർ പെരിന്തൽമണ്ണ, ഫത്തീൻ മങ്കട, സഫീർ മണലൊടി തുടങ്ങിയവർ സമ്മാനിച്ചു. വെള്ളിയാഴ്ച നടക്കുന്ന ആദ്യ കളിയിൽ വൈകീട്ട് ആറിന് കരുത്തരായ ഖാലിദിയ എഫ്.സിയും മലബാർ യുനൈറ്റഡ് എഫ്.സിയും ഏറ്റുമുട്ടും. 7.30ന് ആരംഭിക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കോർണിഷ് സോക്കർ ഖോബാറും ജുബൈൽ എഫ്.സിയും തമ്മിലും 9.30ന് നടക്കുന്ന രണ്ടാമത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബദർ എഫ്.സിയും ഫിനിക്സ് എസ്.സിയുമായും മാറ്റുരക്കും. തുഖ്ബ ക്ലബ്ബ് സ്റ്റേഡിയത്തിലായിരിക്കും ഇനിയുള്ള മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

