യു.ഡി.എഫിന്റേത് ആധികാരിക വിജയം -സൗദി കെ.എം.സി.സി
text_fieldsറിയാദ്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന സെമിഫൈനലിൽ ആധികാരികവും ആവേശകരവുമായ വിജയമാണ് ടീം യു.ഡി.എഫ് നേടിയിരിക്കുന്നതെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി. പല അടവുകളും പയറ്റിയിട്ടും ഗോൾവലയത്തിന്റെ നാലയലത്ത് പോലും എത്താൻ എൽ.ഡി.എഫിനായില്ല. ഒരു ഘട്ടത്തിലും പന്ത് അവരുടെ അധീനതയിലുണ്ടായില്ല എന്നത് ഈ ടീമിെൻറ ദൗർബല്യം എത്ര ഗുരുതരമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
അധികാരവും പണവും ഉപയോഗിച്ചും കുപ്രചാരണങ്ങൾ നടത്തിയും യു.ഡി.എഫ് ടീമിനെ നേരിടാൻ ശ്രമിച്ചവർക്ക് നിലമ്പൂരിന്റെ ഗ്രൗണ്ടിൽ നിറഞ്ഞുകവിഞ്ഞ കാണികളായ വോട്ടർമാർ നൽകിയ മറുപടി ഫൈനൽ പോരാട്ടത്തിന്റെ റിഹേഴ്സലാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരും ഇടത് നേതാക്കളും പിണറായി ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രഖ്യാപിച്ചിരുന്ന പോരാട്ടത്തിൽ യു.ഡി.എഫ് ടീം ഒറ്റക്കെട്ടായി കൈ മെയ് മറന്ന് ഒരു മനസ്സോടെ പോരാടിയപ്പോൾ കൈപിടിച്ച് പടികയറി നിലമ്പൂർ.
കോൺഗ്രസിനൊപ്പം മുസ്ലിംലീഗും മറ്റു ഘടക കക്ഷികളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചപ്പോൾ ചരിത്ര വിജയം കൈപ്പിടിയിലൊതുക്കാനായി. നിലമ്പൂരിലെ വോട്ടർമാരെയും ശാസ്ത്രീയമായി പ്രവർത്തിച്ച യു.ഡി.എഫ് നേതൃത്വത്തെയും പ്രവർത്തകരെയും കെ.എം.സി.സി അഭിനന്ദിച്ചു.
പിണറായി സർക്കാറിന്റെ ഭരണത്തിനെതിരെയുള്ള ജനവിധി തന്നെയാണ് നിലമ്പൂരിലേത്. അതെല്ലായെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇടതുപക്ഷവും മന്ത്രിമാരും. മുഖ്യമന്ത്രി മുൻകൂർ ജാമ്യമെടുത്തപ്പോൾ തന്നെ നിലമ്പൂരിൽ യു.ഡി.എഫ് വിജയിച്ചിരുന്നു. ജാതി മത വിഭാഗീയത ഉണ്ടാക്കി വർഗീയത വളർത്തി വോട്ടാക്കി മാറ്റാനുള്ള സി.പി.എമ്മിന്റെ കുതന്ത്രങ്ങളും നിലമ്പൂരിൽ വിലപ്പോയില്ല.
അത്തരം വിഷലിപ്തമായ പ്രചാരണങ്ങളെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നേരിട്ട യു.ഡി.എഫിനെയും ആര്യാടൻ ഷൗക്കത്തിനെയും നിലമ്പൂർ ജനത നെഞ്ചേറ്റി. ഇതിന്റെ തനിയാവർത്തനമാണ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും കാണാനിരിക്കുന്നതെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ.പി. മുഹമ്മദ്കുട്ടി, പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

