യു.ഡി.എഫിന് വിസ്മയ വിജയം ഉണ്ടാവും -ജുബൈൽ ഒ.ഐ.സി.സി
text_fieldsജുബൈൽ: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ അഴിമതിയും സ്വജനപക്ഷപാതവും സ്വർണക്കൊള്ളയും നടത്തി സംസ്ഥാനത്തെ തകർച്ചയിലേക്ക് നയിച്ച ജനവിരുദ്ധ ഭരണത്തിന് അറുതിയാകുമെന്നും, നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും ഒ.ഐ.സി.സി ജുബൈൽ പ്രസ്താവിച്ചു.
കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിൽ വിദ്യാഭ്യാസം, തൊഴിൽ, കൃഷി, വ്യവസായം തുടങ്ങി സമസ്ത മേഖലകളും തകർന്നിരിക്കുകയാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയവർക്കുപോലും ജോലി ലഭിക്കാത്ത സാഹചര്യം കേരള ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലാണ്. ഗവർണറും സർക്കാറും തമ്മിലുള്ള തർക്കങ്ങൾ സർവകലാശാല ഭരണത്തെ തരിപ്പണമാക്കി. യുവജനങ്ങൾ വിദേശത്തേക്ക് പലായനം ചെയ്യുന്ന ‘ബ്രെയിൻ ഡ്രെയിൻ’ കേരളത്തെ ഒരു വൃദ്ധസദനമാക്കി മാറ്റുകയാണ്. ശബരിമലയിലെ സ്വർണം വരെ കൊള്ളയടിക്കപ്പെട്ട ഈ കാലഘട്ടത്തിൽ, ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ ശക്തികളുമായി സി.പി.എം ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകൾ കേരളത്തിെൻറ സാമൂഹിക ഘടനയെ തകർക്കുന്നതാണെന്നും ഇതിനെതിരെ ഉയർന്നുവരുന്ന പൊതുവികാരം ഭരണപക്ഷത്തിെൻറ പരാജയം ഉറപ്പാക്കുമെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
സംസ്ഥാനത്തിെൻറ കടബാധ്യത ഒന്നര ലക്ഷം കോടിയിൽനിന്നും ആറ് ലക്ഷം കോടിയായി ഉയർത്തിയത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്ക് തെളിവാണ്. ഈ തകർച്ചയിൽനിന്ന് കേരളത്തെ രക്ഷിക്കാൻ പ്രായോഗിക പദ്ധതികളുമായാണ് യു.ഡി.എഫ് ജനങ്ങളെ സമീപിക്കുന്നത്.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 3,000 രൂപ ക്ഷേമ പെൻഷൻ, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര, ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, സ്റ്റാർട്ടപ്പുകൾക്ക് അഞ്ച് ലക്ഷം രൂപയുടെ പലിശരഹിത വായ്പ, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ സഹായം എന്നിവ പ്രകടന പത്രികയിലെ ശ്രദ്ധേയമായ വാഗ്ദാനങ്ങളാണ്. ഇതോടൊപ്പം കോസ്റ്റൽ ഷിപ്പിങ്, ജോബ് വാച്ച് ടവർ, തൊഴിലധിഷ്ഠിത കോഴ്സുകൾ, ആരോഗ്യവകുപ്പിെൻറ പുനരുദ്ധാരണം എന്നിവയും പ്രകടന പത്രികയിലുണ്ട്. പ്രവാസികൾക്കായി പ്രവാസി പെൻഷൻ കൃത്യമാക്കൽ, വിമാനക്കൂലി നിയന്ത്രണം, മടങ്ങിവരുന്നവർക്കായി പലിശരഹിത വായ്പയും പ്രത്യേക പുനരധിവാസ പാക്കേജും യു.ഡി.എഫ് ഉറപ്പുനൽകുന്നു. കേരളത്തിെൻറ സമഗ്രവികസനത്തിനും ജനാധിപത്യ സംരക്ഷണത്തിനുമായി യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ഒ.ഐ.സി.സി ജുബൈൽ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

