Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയമസഭ സ്ഥാനാർഥി...

നിയമസഭ സ്ഥാനാർഥി പട്ടികയിൽ ഉദയ്പൂർ പ്രഖ്യാപനം നടപ്പാക്കണം -ഒ.ജെ. ജനീഷ്

text_fields
bookmark_border
നിയമസഭ സ്ഥാനാർഥി പട്ടികയിൽ ഉദയ്പൂർ പ്രഖ്യാപനം നടപ്പാക്കണം -ഒ.ജെ. ജനീഷ്
cancel

റിയാദ്: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ ഉദയ്പൂർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ കോൺഗ്രസ് കർശനമായി നടപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ഒ.ജെ. ജനീഷ്. ഒ.ഐ.സി.സി തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

സ്ഥാനാർഥി പട്ടികയിൽ പകുതിയോളം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കുമായി മാറ്റിവെക്കണം. പാർട്ടി പദവികളിലും പാർലമെൻററി രംഗത്തും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നതാണ് ഉദയ്പൂർ പ്രമേയത്തി​െൻറ കാതൽ. സംസ്ഥാന കമ്മിറ്റിയിലെ അബിൻ വർക്കി ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥാനാർഥി പട്ടികയിൽ പരിഗണിക്കപ്പെടാൻ അർഹരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സി.പി.എം - ബി.ജെ.പി ഡീൽ’

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന ദുർബലമായ പ്രതിഷേധങ്ങൾ സി.പി.എമ്മുമായുള്ള രാഷ്​ട്രീയ ഒത്തുതീർപ്പി​െൻറ ഭാഗമാണെന്ന് ജനീഷ് ആരോപിച്ചു. ശബരിമലയിൽ നടന്നത് വൻ മോഷണമാണ്. സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തി കടത്തിക്കൊണ്ടുപോയതിൽ രാഷ്​ട്രീയ നോമിനികൾക്ക് പങ്കുണ്ട്. ഇത്രയും വലിയൊരു വിഷയം ഉണ്ടായിട്ടും ബി.ജെ.പി ശക്തമായ സമരം നടത്താത്തത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഡീലി​െൻറ ഭാഗമാണ് -ഒ.ജെ. ജനീഷ് പറഞ്ഞു.

അന്വേഷണത്തിൽ ആശങ്ക

ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ടെങ്കിലും കേന്ദ്ര ഏജൻസികൾ ഇടപെടുന്നതിലെ രാഷ്​ട്രീയ സാധ്യതകളെ അദ്ദേഹം ചോദ്യം ചെയ്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പോലെ, നിയമസഭാ സീറ്റുകൾ ലക്ഷ്യം വെച്ചുള്ള രാഷ്​ട്രീയ സെറ്റിൽമെൻറായി ശബരിമല കേസും മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ശ്രീകോവിലിൽ നടന്ന മോഷണം വിശ്വാസികളെ സംബന്ധിച്ചിടത്തോളം വൈകാരികമായ വിഷയമാണെന്നും, ഇതിന് പിന്നിലെ അന്താരാഷ്​ട്ര ബന്ധങ്ങൾ ഉൾപ്പെടെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി റിയാദ്​ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര, തൃശൂർ ജില്ല പ്രസിഡൻറ്​ നാസർ വലപ്പാട്, ജനറൽ സെക്രട്ടറി (സംഘടനാ ചുമതല) സോണി പാറക്കൽ, ചെയർമാൻ യഹിയ കൊടുങ്ങല്ലൂർ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, കൺവീനർ സെയ്ഫ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

തൃശൂർ ജില്ലാകമ്മിറ്റിയുടെ 15ാമത് വാർഷികാഘോഷങ്ങളിൽ പ​ങ്കെടുക്കാനാണ്​ ജനീഷ്​ കുമാർ എത്തിയത്​. ഇന്ന് എക്സിറ്റ് 18-ലെ അൽ വലീദ് ഓഡിറ്റോറിയത്തിലാണ്​ പരിപാടി. ഐഡിയ സ്​റ്റാർ സിംഗർ താരം ജാസിം ജമാൽ നയിക്കുന്ന സംഗീത വിരുന്നും റിയാദിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewssaudiarabiaJanish
News Summary - Udaipur declaration should be implemented in the list of assembly candidates - OJ Janish
Next Story