യു.സി.ഐ അർബൻ സൈക്ലിങ് ലോക ചാമ്പ്യൻഷിപ്പിന് ഇന്ന് റിയാദിൽ തുടക്കമാകും
text_fieldsറിയാദ്: കായിക ലോകത്ത് ശ്രദ്ധേയമായ യു.സി.ഐ അർബൻ സൈക്ലിങ് ലോക ചാമ്പ്യൻഷിപ്പിന് ആദ്യമായി സൗദി ആതിഥേയത്വം വഹിക്കുന്നു. റിയാദിലെ ബോളിവാർഡ് സിറ്റിയിൽ ഇന്ന് (ചൊവ്വാഴ്ച) ആരംഭിക്കുന്ന ഈ ലോകോത്തര മത്സരം നവംബർ എട്ട് വരെ നീണ്ടുനിൽക്കും. സൗദി കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സൗദി സൈക്ലിങ് ഫെഡറേഷനാണ് പരിപാടിയുടെ സംഘാടകർ.
40ലധികം രാജ്യങ്ങളിൽ നിന്നുള്ള 230 ലേറെ സൈക്കിൾ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഇന്റനാഷനൽ സൈക്ലിങ് യൂനിയന്റെ (യു.സി.ഐ) കുടക്കീഴിൽ നടക്കുന്ന ഈ മത്സരത്തിൽ പ്രധാനമായും ബി.എം.എക്സ് ഫ്രീസ്റ്റൈൽ പാർക്ക്, ബി.എം.എക്സ് ഫ്രീസ്റ്റൈൽ ഫ്ലാറ്റ്‌ലാൻഡ്, ട്രയൽസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണുള്ളത്. ഈ വിഭാഗങ്ങളിലെല്ലാം എലൈറ്റ്, യൂത്ത് വിഭാഗങ്ങളിലായി വനിതകളും പുരുഷന്മാരും കിരീടത്തിനായി മത്സരിക്കും.
തുടക്കത്തിൽ നടക്കുക ട്രയൽസ് മിക്സഡ് ടീം മത്സമാണ്. ബാലൻസും നിയന്ത്രണശേഷിയും സംയോജിപ്പിച്ച പ്രകടനങ്ങളായിരിക്കും ഇതിൽ അരങ്ങേറുക. തുടർന്ന് ബി.എം.എക്സ് ഫ്രീസ്റ്റൈൽ പാർക്ക്, ഫ്ലാറ്റ്‌ലാൻഡ് വിഭാഗങ്ങളുടെ യോഗ്യതാ മത്സരങ്ങൾ നടക്കും. മുൻ ലോക, കോണ്ടിനന്റൽ ചാമ്പ്യന്മാരുൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഇതിൽ മാറ്റുരയ്ക്കും. ബി.എം.എക്സ് പാർക്ക് പുരുഷ വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ ലോഗൻ മാർട്ടിൻ, ജപ്പാന്റെ റെയ്മോ നകാമുറ, അമേരിക്കയുടെ ജസ്റ്റിൻ ഡോവ്ലെ എന്നിവരും, വനിതാ വിഭാഗത്തിൽ ഏഴാം ലോക കിരീടം ലക്ഷ്യമിടുന്ന അമേരിക്കയുടെ ഹന്നാ റോബർട്ട്‌സുമെല്ലാമാണ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.
ചൈനയുടെ ചെൻ സിയാവോ, ജപ്പാന്റെ മിഹാരു ഒസാവ എന്നിവരും കടുത്ത വെല്ലുവിളിയുയർത്തും. ഫ്ലാറ്റ്‌ലാൻഡ് വനിതാ വിഭാഗത്തിൽ കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യൻ ജപ്പാന്റെ ടൊഡാക്ക ചിയാകി മുന്നിട്ട് നിൽക്കുമ്പോൾ പുരുഷ വിഭാഗത്തിൽ ജപ്പാൻ്റെ യു കതാഗിരി, കാനഡയുടെ ജീൻ വില്യം പ്രെവോസ്റ്റ്, സ്പെയിനിന്റെ വിക്കി ഗോമസ് എന്നിവർ മത്സരിക്കും. ട്രയൽസ് വിഭാഗത്തിൽ പുരുഷ വിഭാഗത്തിൽ സ്‌പെയിനിന്റെ അലജാൻഡ്രോ മൊണ്ടാൽവോ, ഇംഗ്ലണ്ടിന്റെ ജാക്ക് കാർത്തി, ഫ്രാൻസിന്റെ റോബിൻ ബെർച്ചിയാറ്റി എന്നിവരും, വനിതാ വിഭാഗത്തിൽ സ്‌പെയിനിൻ്റെ വേര ബാരോൺ, ആൽബ റിയേര എന്നിവരുമാണ് ശ്രദ്ധേയരായ താരങ്ങൾ.
ഈ ലോക ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്, അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ സൗദി അറേബ്യ നേടിയ വിജയങ്ങളുടെ തുടർച്ചയാണ്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലെയും സംഘാടനത്തിലെയും വലിയ പുരോഗതി ഇത് പ്രതിഫലിക്കുന്നു. ലോക കായിക ഭൂപടത്തിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കാനും നഗര കേന്ദ്രീകൃത കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള തന്ത്രപരമായ വീക്ഷണത്തിന്റെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

