ദ്വിരാഷ്ട്രമാണ് സുരക്ഷക്കുള്ള മാർഗം, പക്ഷേ ഇസ്രായേൽ അംഗീകരിക്കുന്നില്ല -സൗദി അറേബ്യ
text_fieldsഖത്തറിൽ ആരംഭിച്ച ‘ദോഹ ഫോറം 2025’ൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പ്ലീനിപൊട്ടൻഷ്യറി മന്ത്രി ഡോ. മനാൽ റിദ്‍വാൻപ സംസാരിക്കുന്നു
റിയാദ്: ഫലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരമാണ് സുരക്ഷക്കുള്ള മാർഗമെന്നും പക്ഷേ ഇസ്രായേൽ അത് നിരസിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പ്ലീനിപൊട്ടൻഷ്യറി മന്ത്രി ഡോ. മനാൽ റിദ്‍വാൻ പറഞ്ഞു. ഖത്തറിൽ ആരംഭിച്ച ‘ദോഹ ഫോറം 2025’ൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ ഫലസ്തീൻ പ്രശ്നത്തിന് ന്യായമായ പരിഹാരം കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സൗദിയുടെ നിലപാട് ഡോ. മനാൽ ആവർത്തിച്ചു.
ഇസ്രായേൽ സർക്കാറിനെ പരിഷ്കരിക്കാതെ അർഥവത്തായ സമാധാനം കൈവരിക്കാൻ കഴിയില്ല. ഇസ്രായേലിന്റെ നിലവിലെ നേതൃത്വം ദ്വിരാഷ്ട്ര പരിഹാരത്തെ എതിർക്കുന്നു. കൂടാതെ ഫലസ്തീനികൾക്കെതിരെയും അറബികൾക്കെതിരെയും മുസ്‍ലിംകൾക്കെതിരെയും നിരന്തരം പ്രേരിപ്പിക്കുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നുവെന്നും ഡോ. മനാൽ ആരോപിച്ചു.
യു.എസ് പിന്തുണയുള്ള 20 ഇന സമാധാന പദ്ധതി വഴിതിരിച്ചുവിടാനോ പുനർനിർവചിക്കാനോ ശ്രമിക്കുന്ന ‘സ്‌പോയിലർമാരെ’ നേരിടേണ്ടിവരുമെന്ന് ഡോ. മനാൽ മുന്നറിയിപ്പ് നൽകി. നിരവധി നയതന്ത്ര ശ്രമങ്ങൾക്ക് ശേഷമാണ് ദ്വിരാഷ്ട്ര പരിഹാര പദ്ധതി നടപ്പാക്കുന്നതിനുള്ള ആഗോള സഖ്യം ഉയർന്നുവന്നത്. അറബ്, ഇസ്‍ലാമിക രാജ്യങ്ങൾ അമേരിക്കയുമായി സഹകരിച്ച് രൂപപ്പെടുത്തിയ സമാധാന പദ്ധതിയുമായി ഇത് പൊരുത്തപ്പെടുന്നുണ്ടെന്നും ഡോ. മനാൽ അഭിപ്രായപ്പെട്ടു.
ഗസ്സ ഒരു പ്രത്യേക വിഷയമല്ല, മറിച്ച് പലസ്തീൻ ലക്ഷ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യം നിലനിർത്താതെ പദ്ധതിയുടെ ഘട്ടങ്ങൾക്കിടയിൽ നീങ്ങാൻ കഴിയില്ല. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും തുടർച്ചയായ അക്രമണം അവസാനിപ്പിക്കുന്നതിനുമുള്ള സൗദിയുടെ അചഞ്ചലമായ പ്രതിബദ്ധത ഡോ. മനാൽ ഊന്നിപ്പറഞ്ഞു.
റിയാദിന്റെ വിദേശനയ മുൻഗണനകളിൽ ഫലസ്തീൻ ലക്ഷ്യം മുൻപന്തിയിൽ തുടരുന്നു. ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ ആരംഭിച്ച് സമഗ്രവും ശാശ്വതവുമായ ഒരു പ്രാദേശിക സമാധാനത്തിലേക്ക് നയിക്കുന്ന നീതിയുക്തമായ പരിഹാരം കൈവരിക്കാൻ രാജ്യം എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും ഡോ. മനാൽ കൂട്ടച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

