ഒരേ ദിവസം വിട പറഞ്ഞ് രണ്ട് പണ്ഡിതർ; ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അനുശോചിച്ചു
text_fieldsശൈഖ് അബ്ദുസ്സലാം അബ്ദുല്ല മദീനി, ശൈഖ് മുഹമ്മദ് റമീസ്
ജുബൈൽ: സൗദി ഇസ്ലാമിക മന്ത്രാലയത്തിന് കീഴിലുള്ള ദഅ്വ സെന്റർ പ്രബോധകരായ മലയാളി ശൈഖ് അബ്ദുസ്സലാം അബ്ദുല്ല പാലക്കുണ്ടൻ മദീനിയും ശ്രീലങ്കൻ സ്വദേശി ശൈഖ് മുഹമ്മദ് റമീസും ഒരേ ദിവസം ലോകത്തോട് വിട പറഞ്ഞതിന്റെ വേദനയും അഗാധ ദുഃഖവും അറിയിച്ച് ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ.
മൂന്ന് ദശാബ്ദങ്ങളിലേറെയായി സൗദി അറേബ്യയിൽ ഇസ്ലാമിക പ്രബോധന രംഗത്ത് സജീവമായിരുന്ന പ്രമുഖ പണ്ഡിതനായിരുന്നു മലപ്പുറം മേലാറ്റൂർ സ്വദേശിയായ അബ്ദുസ്സലാം മദീനി (59). 24 വർഷം ഇസ്ലാമിക മന്ത്രാലയത്തിന്റെ കീഴിൽ പ്രബോധകനായി പ്രവർത്തിച്ചുവരികയായിരുന്നു ശ്രീലങ്കൻ സ്വദേശിയായ ശൈഖ് മുഹമ്മദ് റമീസ് മുഹമ്മദ് സരൂഖ്. ശ്രീലങ്കൻ പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതനായ ശൈഖ് റമീസ് കുറച്ച് കാലമായി രോഗ ബാധിതനായിരുന്നു. പാലക്കാട് ജില്ലയിലെ പന്നിപ്പാടം എന്ന സ്ഥലത്ത് ജനിച്ച അബ്ദുസ്സലാം മദീനി മലപ്പുറം ജില്ലയിലെ മേലാറ്റൂരിലായിരുന്നു താമസം.
അസുഖം ബാധിച്ചതിനാൽ വിദഗ്ധ ചികിത്സക്കായി ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നാട്ടിൽ പോയത്. അവിടെ ചികിത്സയിലായിരിക്കെയാണ് അന്ത്യം. മേലാറ്റൂർ ഉച്ചാരക്കടവ് ചാത്തോലിപ്പടി വീട്ടിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ശാന്തപുരം മഹല്ല് പള്ളിയങ്കണത്തിൽ ഖബറടക്കി.
മദീന യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം സൗദി മതകാര്യ വകുപ്പിന്റെ കീഴിലുള്ള ഹാഇൽ ദഅ്വ സെന്ററിലെ പ്രബോധകനായി 34 വർഷങ്ങളോളമായി പ്രവർത്തിച്ചുവരികയായിരുന്നു അബ്ദുസ്സലാം മദീനി. സൗദിയിലെ ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ കോഓഡിനേഷൻ ഉപദേശക സമിതി അംഗവും ദാഇ കോഓഡിനേഷൻ വൈസ് ചെയർമാനുമായിരുന്നു.
സൗമ്യനും ശാന്ത സ്വഭാവക്കാരനുമായിരുന്ന ശൈഖ് അബ്ദുസ്സലാം ഏറെ വർഷങ്ങളായി ഹജ്ജ് വേളകളിൽ സൗദി ഗവൺമെന്റിന്റെ ഔദ്യോഗിക സേവകനായി പ്രവർത്തിച്ചിരുന്നു. ജുബൈൽ ഉൾപ്പെടെ സൗദിയിലെ വിവിധ പ്രവിശ്യകളിലെ ദഅവാ സെന്ററുകളിലും ഇസ്ലാഹി സെന്ററുകളിലുമായി പ്രഭാഷണങ്ങളും ദർസുകളും അദ്ദേഹം നടത്തിയിരുന്നു.
ജുബൈൽ ദഅ്വ സെന്ററിൽ വാർഷിക സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുത്ത് പ്രഭാഷണം നടത്താറുള്ള പണ്ഡിതനായിരുന്നു. ധാരാളം ശിഷ്യഗണങ്ങളുമുണ്ട്. ഭാര്യയും മകനും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് ശൈഖ് അബ്ദുസ്സലാമിന്റെ കുടുംബം. ശാഫി (ഹാഇൽ), വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പാലക്കാട് ജില്ല ഭാരവാഹി ഫൈസൽ എന്നിവർ സഹോദരന്മാരാണ്. ഒരു സഹോദരിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

