സൗദി പൗരന്മാരായ രണ്ട് ഭീകരവാദികളുടെ വധശിക്ഷ നടപ്പാക്കി
text_fieldsറിയാദ്: ഒരു വിദേശ ഭീകരസംഘടനയിൽ ചേർന്ന് രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ആരാധനാലയങ്ങളും സുരക്ഷ ആസ്ഥാനങ്ങളും ലക്ഷ്യമിട്ട ഭീകരവാദ പ്രവർത്തനത്തിന് പിടിയിലായ ഫഹദ് ബിൻ അലി ബിൻ അബ്ദുൽ അസീസ് അൽ വാഷിൽ, അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മൻസൂർ എന്നീ പ്രതികൾക്കെതിരെ സൗദി ശരീഅ കോടതി വിധിച്ച വധശിക്ഷയാണ് ഞായറാഴ്ച നടപ്പാക്കിയത്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്ക് ഹാനികരമാകാൻ ലക്ഷ്യമിടുന്ന ഒരു വിദേശ ഭീകര സംഘടനയിൽ ചേർന്നാണ് പ്രവർത്തനം നടത്തിവന്നത്.
ആരാധനാലയങ്ങൾ, സുരക്ഷ ആസ്ഥാനങ്ങൾ, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യം വെച്ചുള്ള ഭീകര കുറ്റകൃത്യങ്ങൾ, ആയുധങ്ങൾ കൈവശം വെക്കൽ, സ്ഫോടകവസ്തുക്കൾ നിർമിക്കൽ, നിരവധി തീവ്രവാദ ഘടകങ്ങൾക്ക് അഭയം നൽകൽ, രാജ്യത്തിന്റെ സുരക്ഷക്കും ജീവനും ദോഷം വരുത്താൻ ലക്ഷ്യമിടുന്ന ഒരു ബാഹ്യ ഭീകര സംഘടനയിൽ ചേരൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷാസേന യഥാസമയം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റകൃത്യങ്ങൾ ചെയ്തതായി കണ്ടെത്തുകയും ചെയ്തെന്ന് മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കിയപ്പോൾ, ചുമത്തിയ കുറ്റം സ്ഥിരീകരിച്ച് വധശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ടു. അപ്പീൽ കോടതിയും തുടർന്ന് സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ചു. ശരീഅത്ത് അനുസരിച്ച് ശിക്ഷ നടപ്പാക്കാൻ രാജാവ് ഉത്തരവിടുകയായിരുന്നു.
നിരപരാധികളെ ആക്രമിക്കുകയും അവരുടെ ജീവിക്കാനുള്ള അവകാശവും സുരക്ഷയും ലംഘിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും എതിരെ സുരക്ഷ നിലനിർത്തുന്നതിനും നീതി കൈവരിക്കുന്നതിനും ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥകൾ നടപ്പാക്കുന്നതിനുമുള്ള സൗദി ഭരണകൂടത്തിന്റെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം എല്ലാവരോടും സ്ഥിരീകരിച്ചു. ഇത്തരം പ്രവൃത്തി ചെയ്യാൻ മുതിരുന്ന ഏതൊരാൾക്കും നിയമപരമായ ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

