കൊലപാതകക്കേസിൽ ജയിലിലായ രണ്ടു ഇന്ത്യക്കാർ നിരപരാധികൾ, വിട്ടയച്ചു
text_fieldsറിയാദ്: കൊലപാതകക്കേസിൽ മൂന്നു വർഷത്തോളം സൗദിയിലെ ജയിലിലായിരുന്ന രണ്ട് ഇന്ത്യക്കാരെ നിരപരാധികളെന്നു കണ്ട് കോടതി വിട്ടയച്ചു. വിധിപ്പകർപ്പ് ഇന്ത്യൻ എംബസിക്ക് കൈമാറി. റിയാദിനു സമീപം അൽഖർജ് മേഖലയിലെ കൃഷിയിടത്തിൽ ജോലിക്കാരായിരുന്ന തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദും ഉത്തർപ്രദേശ് സ്വദേശി മുലായികയുമാണ് കോടതിയുടെ വിധിതീർപ്പിൽ ജയിൽമോചിതരായത്. വാഹനാപകടത്തിൽ സഹപ്രവർത്തകനായ ബംഗ്ലാദേശ് പൗരൻ മരിക്കാനിടയായതിനെ തുടർന്നാണ് ഇവർ കൊലപാതക കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായത്.
കൃഷിത്തോട്ടത്തിൽ ഇവരെ കൂടാതെ നാലു ബംഗ്ലാദേശ് സ്വദേശികളും ജോലിക്കാരായി ഉണ്ടായിരുന്നു. ഇവിടത്തെ വിവിധ ജോലികൾ പരസ്പര സഹകരണത്തോടെ ചെയ്തുതീർക്കുന്നതിനിടെ അബദ്ധവശാൽ വാഹനാപകടം ഉണ്ടാവുകയും ബംഗ്ലാദേശികളിലൊരാൾ മരിക്കുകയുമായിരുന്നു. തുടർന്ന് ശേഷിക്കുന്ന അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജയിലിലായതിനു പിന്നാലെ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കോടതി വ്യവഹാരങ്ങളും നിയമനടപടികളും മന്ദഗതിയിലാകുകയും വിചാരണ തടവുകാരായി അഞ്ചു പേരും ജയിലിൽ തുടരുകയുമായിരുന്നു.
ഇതിനിടെ തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദിന്റെ നാട്ടിലെ ബന്ധുക്കൾ സഹായത്തിനായി റിയാദിലെ കേളി കലാസാംസ്കാരികവേദിയെ ബന്ധപ്പെട്ടു. കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി ഇന്ത്യൻ എംബസി നിർദേശപ്രകാരം വിഷയത്തിൽ ഇടപെടുകയും ഷാഹുൽ ഹമീദിനെ ജാമ്യത്തിൽ ഇറക്കുകയും ചെയ്തു. എന്നാൽ, കേസിന്റെയും ചാർത്തപ്പെട്ട കുറ്റത്തിന്റെയും കാഠിന്യം മനസ്സിലാക്കിയ ഷാഹുൽ രണ്ടു മാസത്തിനുശേഷം നാട്ടിലേക്കു പോകുന്നതിന് ശ്രമം നടത്തുകയും വീണ്ടും പൊലീസ് പിടിയിലാകുകയുമായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് തുടർച്ചയായി രണ്ടു വർഷത്തിലധികം ജാമ്യമില്ലാതെ ജയിലിൽ കഴിയേണ്ടിവന്നു. അതിനിടയിൽ കൂടെ അറസ്റ്റിലായവരിൽ ഒരു ബംഗ്ലാദേശ് സ്വദേശി വിചാരണ വേളയിൽ കുറ്റം ഏറ്റുപറഞ്ഞു. ഇതോടെ ജയിലിൽ കഴിയുന്നവരിൽ ഇന്ത്യക്കാരെ കോടതി ശിക്ഷയിൽനിന്ന് ഒഴിവാക്കി. കുറ്റമേറ്റയാൾ ഒഴികെയുള്ള മറ്റു രണ്ട് ബംഗ്ലാദേശികൾക്ക് രണ്ടു വർഷം തടവ് വിധിച്ചു. വിചാരണ കാലയളവിൽ തടവ് അനുഭവിച്ചത് കണക്കാക്കി രണ്ടുപേരെയും മോചിപ്പിക്കാൻ കോടതി ഉത്തരവിൽ പറയുകയും ചെയ്തു. എന്നാൽ, കുറ്റമേറ്റയാൾക്കുള്ള വിധി ഇനിയും പ്രസ്താവിച്ചിട്ടില്ല.
കുറ്റമൊഴിവായെങ്കിലും ഷാഹുൽ ഹമീദിന്റെയും മുലായികയുടെയും മറ്റു രണ്ട് ബംഗ്ലാദേശികളുടെയും ജയിൽ മോചനത്തിന് ഇവരുടെ തൊഴിലുടമ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ നാസർ പൊന്നാനിയുടെ ഇടപെടലിൽതന്നെ നാലുപേരെയും പുറത്തിറക്കുകയായിരുന്നു.
നിരപരാധികളാണെന്ന കോടതി വിധി വന്നതിനാൽ ജാമ്യമില്ലാതെ ജയിലിൽ കഴിഞ്ഞ കാലയളവിലെ നഷ്ടപരിഹാരത്തിനായി ഷാഹുൽ ഹമീദിന്റെയും മുലായികയുടെയും വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ നിർദേശങ്ങൾ പാലിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് നാസർ പൊന്നാനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

