സൗദി കിഴക്കൻ പ്രവിശ്യയിൽ രണ്ട് ഇന്ത്യക്കാർ തൂങ്ങി മരിച്ച നിലയിൽ
text_fieldsബൽജീത് സിങ് ബൽവിന്ദർ, രാം പ്രസാദ് ചമാർ
ജുബൈൽ: രണ്ട് ഇന്ത്യക്കാരെ സൗദി കിഴക്കൻ പ്രവിശ്യയിലെ സ്വന്തം താമസസ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശി രാം പ്രസാദ് ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബൽജീത് സിങ് ബൽവിന്ദർ (35) എന്നിവരെയാണ് വ്യവസായ നഗരമായ ജുബൈലിലെ വ്യത്യസ്ത ഭാഗങ്ങളിലുള്ള തങ്ങളുടെ താമസസ്ഥലങ്ങളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ടൈൽ ഫിക്സിങ് തൊഴിലാളി ആയിരുന്നു രാജസ്ഥാൻ സ്വദേശി രാം പ്രസാദ്. ഭാര്യ: ജീത ദേവി, പിതാവ്: താരാ ചന്ദ്, മാതാവ്: തേജൂ ദേവി.
പഞ്ചാബ് സ്വദേശി ബൽജീത് സിങ് ബൽവിന്ദറിനെ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഹെവി എക്യുപ്മെൻറ് ഡ്രൈവറായിരുന്നു. പിതാവ്: ബൽവിന്ദർ സിങ്, മാതാവ്: ചരൺജീത് സിങ്.
ഔദ്യോഗിക നടപടികൾക്ക് ശേഷം ഇരു മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

