രണ്ടര ലക്ഷം തൊഴിൽ നിയമലംഘനങ്ങൾ; കണ്ടെത്തി -സാമൂഹ്യ വികസന മന്ത്രാലയം
text_fieldsഅൽഖോബാർ: മാനവവിഭവശേഷി-സാമൂഹ്യ വികസന മന്ത്രാലയം (എം.എച്ച്.ആർ. എസ്.ഡി) പരിശോധനകളിൽ 2,52,219 തൊഴിൽനിയമ ലംഘനങ്ങൾ കണ്ടെത്തി. 2025 ജനുവരി ഒന്നു മുതൽ ആഗസ്റ്റ് 16 വരെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നടത്തിയ മൊത്തം 9,12,293 പരിശോധനകളിലാണ് ഇത്രയും ലംഘനങ്ങൾ കണ്ടെത്തിയത്. നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും 98,462 സ്ഥാപനങ്ങൾക്കു മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു.
തൊഴിൽ സ്വദേശിവത്കരണവും ദേശീയവത്കരണ പരിപാടികളും പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു പരിശോധനകളിൽ ഭൂരിഭാഗവും. പരിശോധനാ കാലയളവിൽ 5,86,104 ഫീൽഡ് സന്ദർശനങ്ങൾ സൗദീവത്കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് വിലയിരുത്താനായിരുന്നു. ഈ സന്ദർശനങ്ങളിൽ 15,877 നിയമലംഘനങ്ങൾ കണ്ടെത്തി. സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്ത തൊഴിലുകളിൽ വിദേശികളെ നിയമിച്ചതും സൗദീവത്കരണ നിയമങ്ങൾ പാലിക്കാത്തതുമാണ് പ്രധാനമായും കണ്ടെത്തിയ ലംഘനങ്ങൾ.
മന്ത്രാലയത്തിന്റെ കഠിനമായ പരിശ്രമങ്ങൾ സൗദി പൗരന്മാർക്ക് ഗുണമേന്മയുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. അതുവഴി 49,509 ൽ കൂടുതൽ പുതിയ ജോലികൾ സ്വകാര്യ മേഖലയിൽ സൗദികൾക്കായി സൃഷ്ടിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. വേതന സംരക്ഷണ നിയമങ്ങൾ, ശമ്പള വിതരണത്തിലെ താമസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി.
ഈ പ്രശ്നങ്ങൾ പരിഹരിച്ച് തൊഴിലാളികൾക്ക് ശമ്പളവും അലവൻസുകളും സമയബന്ധിതമായി ലഭ്യമാക്കാനും അവരുടേതായ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിച്ചു. നിരന്തരമായ നിരീക്ഷണം നിരവധി സ്ഥാപനങ്ങൾക്ക് അവരുടെ തെറ്റുകൾ തിരുത്താനും കടുത്ത ശിക്ഷകൾ ഒഴിവാക്കാനും സഹായിച്ചു. ഇതിലൂടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെട്ടു സ്വകാര്യ മേഖലയിലെ നിയമാനുസൃത പ്രവർത്തനങ്ങൾ ഉയർന്ന തലത്തിലെത്തിയതായും മന്ത്രാലയം വെളിപ്പെടുത്തി.
തൊഴിലവസര വിപണി നിയന്ത്രിക്കുന്നതിനും, സ്ഥാപനങ്ങൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള തുടർച്ചയായ പദ്ധതികളുടെ ഭാഗമാണ് ഈ പരിശോധനകൾ. തൊഴിലവസര വിപണി കാര്യക്ഷമവും നിയന്ത്രിതവുമാക്കുന്നതിന് മന്ത്രാലയം സ്വദേശിവത്കരണത്തിന് മുൻഗണന നൽകിയിട്ടുണ്ട്.
സമീപകാലത്ത് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ സൗദീകരണ തീരുമാനങ്ങളോടുള്ള അനുസരണം കാര്യമായി വർധിച്ചതായി മന്ത്രാലയം സൂചിപ്പിച്ചു. ഫീൽഡ് നിരീക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയും മന്ത്രാലയത്തിന്റെ തൊഴിൽ വിപണി വികസന നയങ്ങളുമായുള്ള ഏകീകരണവും തൊഴിൽ വിപണിയുടെ സ്ഥിരത വർധിപ്പിക്കുകയും ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതിലൂടെ വിപണിയുടെ കാര്യക്ഷമതയും ദേശീയ പ്രതിഭകളെ ആകർഷിക്കുന്നത്തിനുള്ള ശേഷിയും വർധിച്ചു. സമൂഹ പങ്കാളിത്തത്തിന്റെ ഭാഗമായി 44,547 തൊഴിൽ നിയമലംഘന റിപ്പോർട്ടുകൾ സമാന കാലയളവിൽ സമൂഹത്തിലെ അംഗങ്ങളിൽ നിന്ന് മന്ത്രാലയം സ്വീകരിച്ചതായും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

