ശിൽപകലാമേളയായ ‘തുവൈഖ് ശിൽപ ഫോറം’ ജനു. 14ന്; ഒരുക്കം പുരോഗമിക്കുന്നു
text_fieldsഅഞ്ചാമത് ‘തുവൈഖ് ശിൽപ ഫോറ’ത്തിലേക്കുള്ള ഗ്രാനൈറ്റ് ശിൽപങ്ങൾ ഒരുക്കുന്നു
റിയാദ്: ശിൽപകലാമേളയായ തുവൈഖ് ശിൽപ ഫോറം അഞ്ചാം പതിപ്പ് റിയാദിൽ ഈ മാസം 14 മുതൽ ഫെബ്രുവരി എട്ടു വരെ നടക്കും. ഒരുക്കം അന്തിമഘട്ടത്തിലാണ്.
തദ്ദേശീയ ഗ്രാനൈറ്റ് കല്ലിൽ നിന്നു നിർമിച്ച 30 ശിൽപങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. 20 രാജ്യങ്ങളിൽ നിന്നുള്ള 30 കലാകാരന്മാർ ചേർന്നാണ് ഈ ശിൽപങ്ങൾ നിർമിച്ചിരിക്കുന്നത്. മുൻനിരയിൽ സൗദിയിലെ ഏറ്റവും പ്രമുഖരായ ശിൽപകലാകാരന്മാരുമുണ്ട്. ഈ ശിൽപങ്ങൾ തലസ്ഥാന നഗരമായ റിയാദിലുടനീളം സ്ഥാപിക്കും.
സർഗാത്മകതയുടെ ഭംഗി റിയാദ് നഗരത്തിനു പകർന്നുനൽകാനും നഗരവാസികളുടെയും സന്ദർശകരുടെയും ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കലാപരവും സാംസ്കാരികവുമായ രംഗം വിഭാവനം ചെയ്യുകയാണ് ഫോറത്തിന്റെ സമഗ്രമായ ലക്ഷ്യം.
ലോക ശിൽപകലാ രംഗത്തെ ഒരു പ്രധാന അന്താരാഷ്ട്ര പരിപാടിയാണ് തുവൈഖ് ശിൽപ ഫോറമെന്ന് ഫോറം ഡയറക്ടർ സാറ അൽ റുവൈത്ത് പറഞ്ഞു. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ മേള അതിന്റേതായ സംഭാവന നൽകും. ഫോറം അതിന്റെ അഞ്ചാം പതിപ്പിൽ നിരവധി കലാ-സാംസ്കാരിക ശിൽപശാലകളും സംഭാഷണങ്ങളും ഉൾക്കൊള്ളുന്നുവെന്നും ഡയറക്ടർ പറഞ്ഞു. 2019 മാർച്ച് 19ന് സൽമാൻ രാജാവ് ആരംഭിച്ച റിയാദിലെ പ്രധാന പദ്ധതികളിലൊന്നായ ‘റിയാദ് ആർട്ട് പ്രോഗ്രാം’ പദ്ധതികളിലൊന്നാണ് ‘തുവൈഖ് ശിൽപ ഫോറം’. ആധികാരികതയും സമകാലികതയും സമന്വയിപ്പിക്കുന്ന ഒരു ഓപ്പൺ ആർട്ട് ഗാലറിയായി റിയാദ് നഗരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

