'തുവൈഖ് ശിൽപം' റിയാദിൽ ജനുവരി എട്ടു മുതൽ
text_fieldsറിയാദ് ആർട്ട് പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘തുവൈഖ് ശിൽപം’ പരിപാടിയുടെ ഒരുക്കം
ജിദ്ദ: റിയാദ് ആർട്ട് പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'തുവൈഖ് ശിൽപം' പരിപാടിയിൽ പങ്കെടുക്കാൻ 650 കലാകാരന്മാർ. സൗദിക്കു പുറമെ 61 രാജ്യങ്ങളിൽനിന്നാണ് ഇത്രയും കലാകാരന്മാരുടെ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. കലാ-ശിൽപ മേഖലകളിലെ വിദഗ്ധരുടെ സ്വതന്ത്ര സമിതി കലാകാരന്മാരുടെയും ശിൽപികളുടെയും അപേക്ഷകൾ പരിശോധിക്കും.
അതിനുശേഷമായിരിക്കും അന്തിമ പട്ടിക തയാറാക്കുക. 'സൗഹാർദത്തിന്റെ വ്യാപ്തി' എന്ന തലക്കെട്ടിൽ റിയാദ് ആർട്ട് പദ്ധതിയുടെ ഭാഗമായി ജനുവരി എട്ടു മുതൽ ഫെബ്രുവരി 10 വരെയാണ് 'തുവൈഖ് ശിൽപം' പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരന്മാർ ജനുവരി എട്ടു മുതൽ ദുറത്ത് അൽറിയാദിൽ പൊതുജനങ്ങൾക്കു മുന്നിൽ അവരുടെ ശിൽപങ്ങൾ രൂപപ്പെടുത്തും. ഫെബ്രുവരി അഞ്ചു മുതൽ 10 വരെ എല്ലാ ശിൽപങ്ങളും അനുബന്ധമായി ഒരുക്കുന്ന പ്രദർശനത്തിൽ പ്രദർശിപ്പിക്കും.
പിന്നീട് റിയാദ് നഗരത്തിലുടനീളമുള്ള ചത്വരങ്ങളിലും പൊതുവിടങ്ങളിലും ഇത് സ്ഥിരമായി സ്ഥാപിക്കും. 65ലധികം വിവിധ പരിപാടികളും നടക്കും. സംവേദനാത്മക ശിൽപശാലകൾ, വാസ്തുവിദ്യ, ശിൽപം, കല, രൂപകൽപന എന്നിവയുമായി ബന്ധപ്പെട്ട പാനൽ ചർച്ചകൾ, സ്കൂൾ സന്ദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിലുൾപ്പെടും. റിയാദ് നഗരത്തിൽ ആയിരത്തിലധികം പൊതുകലാസൃഷ്ടികൾ സ്ഥാപിക്കാനാണ് റിയാദ് ആർട്ട് ലക്ഷ്യമിടുന്നത്. നഗരത്തിലെ സാംസ്കാരികവും കലാപരവുമായ രംഗം സമ്പന്നമാക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിലാണിത്. തുവൈഖ് ശിൽപം 2023 പദ്ധതി അതിനായുള്ള പരിപാടികളിൽ ഒന്നാണ്. സൽമാൻ രാജാവ് 2019 മാർച്ച് 19ന് പ്രഖ്യാപിച്ച റിയാദിലെ പ്രധാന പദ്ധതികളിൽപെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

