ഹരീഖ് ഓറഞ്ച് മേളയിൽ വിസ്മയമായി ‘തുറുഞ്ച്’
text_fieldsഹരീഖ് ഓറഞ്ച് മേളയിലെ ‘തുറുഞ്ച്’ ഭീമൻ മധുരനാരങ്ങകൾ
റിയാദ്: സൗദി അറേബ്യയിലെ റിയാദിന് സമീപമുള്ള അൽ ഹരീഖിൽ നടന്നുവരുന്ന ഓറഞ്ച് ഉത്സവത്തിൽ സന്ദർശകരുടെ മനം കവർന്ന് ഭീമൻ മധുരനാരങ്ങകൾ. വിവിധയിനം ഓറഞ്ചുകൾക്കും നാരങ്ങകൾക്കും പേരുകേട്ട ഈ മേളയിൽ ഇത്തവണ പ്രധാന താരം ‘തുറുഞ്ച്’ എന്ന് വിളിക്കപ്പെടുന്ന സിട്രോൺ പഴങ്ങളാണ്.
എന്താണ് തുറുഞ്ച്? അറബിയിൽ ‘ഉത്റുജ്’ എന്നും വിളിക്കപ്പെടുന്ന ഈ പഴം സിട്രസ് വർഗത്തിലെ ഏറ്റവും വലുപ്പമേറിയ ഇനങ്ങളിൽ ഒന്നാണ്. സാധാരണ ഫുട്ബാളിനോളം വലുപ്പത്തിൽ വരെ വളരുന്ന ഇവക്ക് കട്ടിയുള്ളതും പരുക്കനുമായ തൊലിയാണുള്ളത്. സാധാരണ ഓറഞ്ചുകളെ അപേക്ഷിച്ച് ഇതിൽ നീര് കുറവാണെങ്കിലും ഇതിന്റെ ഉൾഭാഗത്തെ വെളുത്ത പാളി കയ്പില്ലാത്തതും സ്വാദുള്ളതുമാണ്.
ഇസ്ലാമിക സംസ്കാരത്തിലും അറബ് പൈതൃകത്തിലും തുറുഞ്ചിന് വലിയ പ്രാധാന്യമുണ്ട്. ഖുർആൻ പാരായണം ചെയ്യുന്ന വിശ്വാസിയെ പ്രവാചകൻ തുറുഞ്ചിനോട് ഉപമിച്ചിട്ടുണ്ട്; ഇതിന് നല്ല രുചിയും അതിമനോഹരമായ സുഗന്ധവുമാണുള്ളതെന്ന് ഹദീസുകളിൽ പരാമർശിക്കുന്നു.
ഇതിെൻറ കട്ടിയുള്ള തൊലി ഉപയോഗിച്ച് നിർമിക്കുന്ന ജാമുകളും മാർമലേഡുകളും ഏറെ പ്രശസ്തമാണ്. അതീവ സുഗന്ധമുള്ള ഇതിെൻറ തൊലി മുറികളിൽ സുഗന്ധം പരത്താനും പെർഫ്യൂം നിർമാണത്തിനും ഉപയോഗിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായും വിറ്റമിൻ സിയുടെ കലവറയായും ഇതിനെ കണക്കാക്കുന്നു.
ഹരീഖ് മേളയുടെ സവിശേഷത റിയാദിൽനിന്ന് ഏകദേശം 160 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്ന ഹരീഖ്, ഫലഭൂയിഷ്ഠമായ മണ്ണിനും മികച്ച കാർഷിക ഉൽപന്നങ്ങൾക്കും പേരുകേട്ടതാണ്.
എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന ഈ മേളയിൽ സുക്കരി ഓറഞ്ചുകൾ, ഹമദ് നാരങ്ങകൾ, മാൻഡറിൻ തുടങ്ങി ഇരുപതിലധികം ഇനം സിട്രസ് പഴങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പഴങ്ങളുടെ ഈർപ്പവും സുഗന്ധവും നഷ്ടപ്പെടാതിരിക്കാൻ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞാണ് മേളയിൽ ഇവ പ്രദർശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

