ഇറാനിലുള്ള വിശ്വാസം തകർന്നു; നിലപാട് പുനപരിശോധിക്കണം -സൗദി വിദേശകാര്യ മന്ത്രി
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ
റിയാദ്: ഇറാനുമായുള്ള വിശ്വാസം തകർന്നിരിക്കുകയാണെന്നും അയൽരാജ്യങ്ങൾക്കെതിരായ ശത്രുതാപരമായ നിലപാടുകൾ ടെഹ്‌റാൻ പുനഃപരിശോധിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. റിയാദിൽ നടന്ന അറബ്-ഇസ്‌ലാമിക് മന്ത്രിതല യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയുടെ ഊർജ്ജ മേഖലയെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഗുരുതരമായ അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അയൽരാജ്യങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങൾ ഇറാന് ഒരു നേട്ടവും നൽകില്ലെന്നും അത് അവരുടെ രാജ്യാന്തര ഒറ്റപ്പെടൽ വർധിപ്പിക്കുകയേ ഉള്ളൂവെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം തെറ്റായ കണക്കുകൂട്ടലുകൾ ഇറാൻ തിരുത്തണം. അമേരിക്കൻ സാന്നിധ്യത്തിൻ്റെ മറവിൽ ടെഹ്‌റാൻ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കുന്നതിനെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇറാൻ്റെ നടപടികൾ അന്താരാഷ്ട്ര കരാറുകളുടെയും ഇസ്‌ലാമിക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ്.
അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഇറാൻ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണെന്നും എന്നാൽ പിന്നീട് അത് നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം ശത്രുതാപരമായ പെരുമാറ്റം തുടരുന്ന ടെഹ്‌റാനെ ഒരു പങ്കാളിയായി കാണാൻ കഴിയില്ല. ഇറാനിയൻ ആക്രമണങ്ങളെ തടയാൻ സൗദി അറേബ്യ എല്ലാ മാർഗങ്ങളും അവലംബിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ഇറാൻ്റെ ശ്രമങ്ങളെ യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ ഒന്നടങ്കം അപലപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സിവിലിയന്മാരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇറാൻ തയ്യാറാകുന്നില്ല. നിലവിലുള്ള സംഘർഷങ്ങളുമായി ഒരു ബന്ധവുമില്ലാത്ത രാജ്യങ്ങളെ ആക്രമിക്കുന്ന ടെഹ്‌റാൻ എങ്ങനെയാണ് നയതന്ത്ര പരിഹാരങ്ങൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ്റെ നീക്കങ്ങളെ ചെറുക്കാൻ കഴിയില്ലെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ ഒട്ടേറെ ഓപ്ഷനുകൾ സൗദിയുടെ മുന്നിലുണ്ട്. ആവശ്യമെങ്കിൽ സൈനികമായി പ്രതികരിക്കാനുള്ള അവകാശം സൗദിക്കുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ഇസ്‌ലാമിനെ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ, ജോർദാൻ, അസർബൈജാൻ, തുർക്കി, ലബനൻ തുടങ്ങി നിരവധി ഇസ്‌ലാമിക രാജ്യങ്ങളെ ഇറാൻ ആക്രമിക്കുകയാണെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ ചൂണ്ടിക്കാട്ടി. ഇറാൻ വെറും മുദ്രാവാക്യങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കുകയും സ്വന്തം താൽപ്പര്യങ്ങൾക്കായി വിവിധ ഉപകരണങ്ങളെ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യുകയും പിന്നീട് അത് നിഷേധിക്കുകയും ചെയ്യുന്ന ചരിത്രമാണ് ഇറാനിയൻ ഭരണകൂടത്തിനുള്ളതെന്നും, ഇറാെൻറ ആക്രമണങ്ങളോടുള്ള തങ്ങളുടെ ക്ഷമ പരിധിയില്ലാത്തതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

