സൗദി സന്ദർശനം ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ട്രംപ്
text_fieldsഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
റിയാദ്: ചൊവ്വാഴ്ച സൗദിയിലേക്കും തുടർന്ന് യു.എ.ഇയിലേക്കും ഖത്തറിലേക്കും നടത്തുന്ന സന്ദർശനത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിഡിൽ ഈസ്റ്റ് സന്ദർശനത്തിനായി പുറപ്പെടും മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. വീണ്ടും പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി പുറപ്പെട്ട ട്രംപിനെയും വഹിച്ചുകൊണ്ട് എയർ ഫോഴ്സ് വൺ വിമാനം ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ ഇറങ്ങിയപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് സന്ദർശനത്തെ ലോകം ഉറ്റുനോക്കുന്നത്.
സൗദി അറേബ്യയും ഗൾഫ് രാജ്യങ്ങളും ഇപ്പോൾ ആസ്വദിക്കുന്ന പുരോഗമനപരമായ ഭൗമരാഷ്ട്രീയ നിലപാടിന്റെ സൂചനയാണ് ഈ സന്ദർശനമെന്നാണ് വിലയിരുത്തൽ. മേഖലയുടെ സ്ഥിരതയിൽ നിർണായക പങ്ക് വഹിക്കുന്ന രാജ്യം എന്ന നിലയിൽ മാത്രമല്ല, അതിന്റെ സാമ്പത്തിക ഔന്നത്യവും പരിഷ്കരണ പ്രവണതകളും ഇതിന് കാരണമാകുന്നു. അന്താരാഷ്ട്ര മാറ്റങ്ങൾ ത്വരിതപ്പെടുത്തുന്ന സാഹചര്യത്തിൽ ഗൾഫ് പങ്കാളികളുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനാണ് വാഷിങ്ടൺ ശ്രമിക്കുന്നത്.
സൗദി നേതൃത്വവുമായും ഗൾഫ് രാഷ്ട്രങ്ങളിലെ നേതാക്കളുമായും ട്രംപ് നടത്തുന്ന ചർച്ചകളുടെ അജണ്ടയിൽ മേഖലാ സുരക്ഷ, ഊർജം, പ്രതിരോധം, സാമ്പത്തിക സഹകരണം എന്നിവയുൾപ്പെടെ 10 വിഷയങ്ങൾ കടന്നുവരുമെന്നാണ് വിലയിരുത്തൽ.
പ്രസിഡന്റ് ട്രംപിന്റെ സൗദിയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള സന്ദർശനം മിഡിൽ ഈസ്റ്റിലെ പങ്കാളികളുമായുള്ള ബന്ധത്തിന് അമേരിക്ക നൽകുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നുവെന്നും പ്രാദേശിക അതിർത്തികൾക്കപ്പുറമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സൗദിയുമായുള്ള ഏകോപനം അനിവാര്യമാണെന്നും അമേരിക്കൻ വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദിയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു.
രണ്ടു സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഈ സന്ദർശനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രിസഭ പറഞ്ഞു. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വെടിനിർത്തൽ കരാറിനെയും സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു.
ഇരു രാജ്യങ്ങൾക്കുമിടയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിലെ പങ്കാളികളുമായി സഹകരിച്ച് സൗദി നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

