ഹജ്ജ്, ഉംറ തീർഥാടനം; മക്കയിലെ പുണ്യസ്ഥലങ്ങളിൽ ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ വിപുല പദ്ധതി
text_fieldsമക്കയിലെ പുണ്യസ്ഥലങ്ങളിൽ മരംനട്ടുപിടിപ്പിക്കൽ പദ്ധതിക്ക് തുടക്കമായപ്പോൾ
മക്ക: മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ഹരിതയിടങ്ങളും വനവത്കരണവും വർധിപ്പിക്കാൻ ഒരുലക്ഷം വൃക്ഷങ്ങൾ നടുന്നു. പുണ്യസ്ഥലങ്ങളുടെ പ്രധാന ഡെവലപ്പറായ ‘കിദാന കമ്പനി’യാണ് ‘ഗ്രീൻ മശാഇർ’ എന്ന സംരംഭം നടപ്പാക്കുന്നത്. തീർഥാടകരുടെ അനുഭവവും വായുവിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ആദ്യഘട്ടം അറഫയെ മിനയുമായി ബന്ധിപ്പിക്കുന്ന കാൽനടപ്പാതകളിൽ മരങ്ങൾ നട്ടുപിടിപ്പിച്ചാണ് ആരംഭിച്ചത്. 2,90,000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള സ്ഥലത്ത് ഏകദേശം 20,000 മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്.
ഈ വർഷത്തെ ഹജ്ജ് സീസണിൽ അവ ഉപയോഗപ്പെടുത്തും. പല ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ വരുംവർഷങ്ങളിൽ 30 ലക്ഷം ചതുരശ്രമീറ്ററിൽ ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടുതൽ സുസ്ഥിരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിൽനിന്നാണ് ‘ഗ്രീൻ മശാഇർ’ എന്ന പദ്ധതി ഉടലെടുത്തത്.
സൗദിയിലെ ഹരിതയിടങ്ങൾ വർധിപ്പിക്കാനും പരിസ്ഥിതി സന്തുലിതാവസ്ഥ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗവുമാണ് ഈ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

