പ്രവാസവും മനുഷ്യർക്കൊപ്പം’;കാന്തപുരത്തിെൻറ കേരള യാത്ര: റിയാദിൽ ഐക്യദാർഢ്യ സമ്മേളനം പ്രൗഢമായി
text_fieldsഐ.സി.എഫ് റിയാദ് റീജിയൻ സംഘടിപ്പിച്ച ‘പ്രവാസവും മനുഷ്യർക്കൊപ്പം’ സമ്മേളനം
റിയാദ്: ജാതി-മത-വർണ വിവേചനങ്ങൾക്കതീതമായി മാനവികതയുടെ വലിയ സന്ദേശം ഉയർത്തിപ്പിടിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തുന്ന ‘കേരള യാത്ര’ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജ്യൻ സംഘടിപ്പിച്ച ‘പ്രവാസവും മനുഷ്യർക്കൊപ്പം’ സമ്മേളനം ശ്രദ്ധേയമായി. ബത്ഹയിലെ ഡി പാലസ് ഹോട്ടലിൽ നടന്ന സംഗമം പ്രവാസലോകത്തെ സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായി.
സ്രഷ്ടാവിെൻറ പ്രതിനിധികളായ മനുഷ്യർ സഹജീവികളോട് കരുണ കാണിക്കണമെന്നതാണ് വിശ്വാസത്തിെൻറ അന്തസ്സത്തയെന്ന് സമ്മേളനം ഓർമിപ്പിച്ചു. സെൻറിനറി ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുന്നോട്ടുവെക്കുന്നതും ഇതേ മാനവിക മൂല്യങ്ങളാണ്. വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും വേദനിക്കുന്നവെൻറ കണ്ണുനീരൊപ്പാനും മനുഷ്യത്വത്തിന് മാത്രമെ സാധിക്കൂ എന്ന സന്ദേശം സമ്മേളനത്തിലുടനീളം പ്രതിഫലിച്ചു.
കേരള യാത്രയുടെ ഭാഗമായി ഭരണാധികാരികൾക്ക് കൈമാറിയ ‘വികസന രേഖ’യെക്കുറിച്ച് സമ്മേളനത്തിൽ സജീവ ചർച്ച നടന്നു.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പരിസ്ഥിതി, കാരുണ്യം, വാണിജ്യം, മാലിന്യ നിർമാർജനം തുടങ്ങി സർവ മേഖലകളെയും സ്പർശിക്കുന്ന ഒരു മികച്ച രേഖയാണിതെന്ന് സമ്മേളനം വിലയിരുത്തി. വരുംതലമുറയുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള സമഗ്രമായ ഈ വികസന ആശയങ്ങൾ നടപ്പാക്കുന്നത് നാടിന് വലിയ ഗുണം ചെയ്യും. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇത്തരം ശ്രമങ്ങളെ പിന്തുണക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഷാഹിദ് അഹ്സനി ഉദ്ഘാടനം ചെയ്തു.
ഭരണഘടനയും മാനവികതയും നേരിടുന്ന വെല്ലുവിളികൾക്കിടയിൽ കേരള യാത്രയുടെ പ്രസക്തിയെക്കുറിച്ച് സൈനുദ്ധീൻ കുനിയിൽ മുഖ്യപ്രഭാഷണം നടത്തി. ആരിഫ് ചുഴലിയും സംഘവും അവതരിപ്പിച്ച തീം സോങ് ചടങ്ങിന് ഊർജമേകി.
റിയാദിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരായ സലിം കളക്കര, സത്താർ താമരത്ത്, സഫറുദ്ദീൻ താഴേക്കോട്, നജിം കൊച്ചുകലുങ്ക്, ഇബ്രാഹിം സുബ്ഹാൻ, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷിബു ഉസ്മാൻ, ഹനീഫ ഗ്ലോബൽ, ശിഹാബ് കൊട്ടുകാട്, സലാം വടകര എന്നിവർ ആശംസകൾ നേർന്നു. ഇബ്രാഹിം കരീം സ്വാഗതപ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

