തൊഴിൽ വഞ്ചനക്കിരയായി സൗദിയിൽ കുടുങ്ങിയത് ഏഴു വർഷം, മലയാളി ഒടുവിൽ നാടണഞ്ഞു
text_fieldsബാബുവിനുള്ള യാത്രാരേഖകൾ കേളി ഭാരവാഹികൾ കൈമാറുന്നു
റിയാദ്: തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട്ടുകാരന്റെ വഞ്ചനക്കിരയായി ഏഴു വർഷമായി നാട്ടിൽ പോകാനാവാതെ പ്രയാസത്തിലായ മലയാളിക്ക് ഒടുവിൽ രക്ഷ. കോഴിക്കോട് കോളത്തറ സ്വദേശി ബാബുവാണ് കേളി കലാസാംസ്കാരിക വേദിയുടെ സഹായത്തോടെ നാടണഞ്ഞത്.
തന്റെ പേരിലുള്ള കേസ് എന്താണെന്നറിയാനും അത് പരിഹരിച്ച് നാടണയാനുമുള്ള സഹായം അഭ്യർഥിച്ചായിരുന്നു ആറ് മാസം മുമ്പ് ബാബു കേളി ഉമ്മുൽ ഹമാം ജീവകാരുണ്യ കൺവീനർ ജാഫർ മുഖാന്തരം ഇന്ത്യൻ എംബസിയെ സമീപിച്ചത്. എംബസിയിൽ നൽകിയ പരാതിക്കൊപ്പം സമാന്തരമായി കേളി നടത്തിയ അന്വേഷണത്തിൽ ബാബുവിന്റെ പേരിലുള്ള കേസ് കണ്ടെത്തി.
അത് പിൻവലിക്കാനുള്ള നടപടികൾ പൂർത്തിയാകുന്നതിന് ആറ് മാസത്തോളം സമയമെടുത്തു. വലിയ തുക വേണ്ടി വന്നു. കേളി, ദമ്മാം നവോദയ, ഖത്തർ സംസ്കൃതി പ്രവർത്തകൻ റസാഖ് എന്നിവർ ചേർന്ന് പണം സ്വരൂപിച്ച് കോടതിയിൽ കെട്ടിവെച്ച് കേസ് ഒഴിവാക്കി.
വർഷങ്ങൾക്ക് മുമ്പ് എക്സിറ്റ് നേടിയിട്ടും ബാബു രാജ്യം വിടാതിരുന്ന കാരണത്താൽ പുതിയ എക്സിറ്റ് വിസക്കായി എംബസി നൽകിയ അപേക്ഷ തർഹീൽ അധികൃതർ മാറ്റിവെച്ചു. ബാബുവിന്റെ പേരിൽ ബുറൈദയിലുള്ള കേസ് ഔദ്യോഗിക ഡിജിറ്റൽ രേഖയിൽനിന്നും മാറിയിട്ടില്ല എന്നതായിരുന്നു കാരണം. കേളി പ്രവർത്തകരുടെ ശ്രമഫലമായി ആ പ്രശ്നത്തിനും പരിഹാരം കണ്ടെത്തി.
ബുറൈദയിലെ സാമൂഹിക പ്രവർത്തകൻ ഫൈസലിനെ എംബസി ചുമതലപ്പെടുത്തി. രണ്ടുമാസം നീണ്ട ശ്രമങ്ങളുടെ ഭാഗമായാണ് നടപടി ക്രമങ്ങൾ പൂർത്തിയായത്. തുടർന്ന് എംബസി മുഖേന നാസർ പൊന്നാനി അൽ ഖർജ് തർഹീലിൽനിന്നും എക്സിറ്റ് തരപ്പെടുത്തി. പഴയ എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞതിനുള്ള പിഴയായി 1,000 റിയാൽ അടയ്ക്കേണ്ടിവന്നു.
അച്ഛനെ നാട്ടിലെത്തിക്കാൻ സഹായം തേടി ബാബുവിന്റെ മകൾ ആറുമാസം മുമ്പാണ് കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സദിഖിനെ ബന്ധപ്പെട്ടത്. 2017ലാണ് ബാബു നിർമാണ തൊഴിലാളിയായി റിയാദിലെത്തിയത്. സ്പോൺസറുടെ പ്രതിനിധിയെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശി രാജുവാണ് എയർപ്പോർട്ടിൽനിന്ന് കൂട്ടികൊണ്ടുപോയത്. ഭാഷ അറിയാത്തതിനാൽ രാജുവാണ് സ്പോൺസറുമായുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. ആദ്യ വർഷം കൃത്യമായി ഇഖാമയും ശമ്പളവും നൽകി.
രണ്ടരവർഷം കഴിഞ്ഞ് നാട്ടിൽ പോകാനൊരുങ്ങിയപ്പോഴാണ് ഒരു വർഷത്തിന് ശേഷം ഇഖാമ പുതുക്കിയിട്ടില്ലെന്ന് അറിയുന്നത്. പിന്നീട് കോവിഡ് കാലത്ത് ഒന്നര വർഷത്തോളം ജോലിയില്ലാതെ കഴിയേണ്ടി വന്നു. നാട്ടിൽ പോകാൻ സ്വരു കൂട്ടി വെച്ചതെല്ലാം ചെലവായി തീർന്നു. കോവിഡിന് ശേഷം വീണ്ടും ജോലി ലഭിച്ചെങ്കിലും ഇഖാമ പുതുക്കുകയോ കൃത്യമായി ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല.
എംബസി ഉദ്യോഗസ്ഥരായ നസീം ഖാൻ, ഹറഫുദ്ദീൻ, കേളി ഭാരവാഹികളായ നസീർ മുള്ളൂർക്കര, മധു എടപ്പുറത്ത്, നാസർ പൊന്നാനി, ജാഫർ എന്നിവരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ബാബുവിന്റെ തിരിച്ചുപോക്ക് സാധ്യമാക്കിയത്. ടിക്കറ്റ് കേളി നൽകി. കഴിഞ്ഞ ദിവസം രാവിലെ എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടെത്തിയ ബാബുവിനെ ഭാര്യയും മക്കളും ചേർന്ന് സ്വീകരിച്ചു. ഭാര്യയും മൂന്ന് പെൺ മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

