അൽ ഉലയിൽ ട്രാം യാത്രാ സംവിധാനം നിലവിൽ വരുന്നു
text_fieldsഅൽ ഉലയിൽ നിലവിൽ വരുന്ന ട്രാം സംവിധാനത്തിന്റെ മാതൃക
ജിദ്ദ: സൗദിയിലെ പൈതൃക ടൂറിസം മേഖലയിൽ സുപ്രധാന പ്രദേശമായ അൽ ഉലയിൽ ട്രാം യാത്രാ സംവിധാനം സമീപ ഭാവിയിൽ യാഥാർഥ്യമാവും. അൽ ഉലയിലുള്ള നിരവധി ചരിത്ര സ്മാരകങ്ങളും മലകൾ തുരന്ന് നിർമിച്ചിട്ടുള്ള പൗരാണിക ഭവനങ്ങളും ഇപ്പോൾ തന്നെ ലോകത്തുള്ള വിനോദ സഞ്ചാരികളെ നന്നായി ആകർഷിക്കുന്നുണ്ട്. വർഷം തോറും നിരവധി പേരാണ് സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സന്ദർശിക്കാൻ എത്തിച്ചേരുന്നത്.
അൽ ഉലയിൽ ട്രാം പദ്ധതിക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്ന കസ്റ്റം ബിൽറ്റ് ഇന്റഗ്രേറ്റഡ് സിസ്റ്റങ്ങൾ നൽകുന്നത് ഈ മേഖലയിലെ പ്രമുഖരായി അറിയപ്പെടുന്ന ആൽസ്റ്റം കമ്പനിയാണ്. ചരിത്രപരമായ പൈതൃകത്തെ അത്യാധുനിക ലോകാർബൺ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്ന ഈ അസാധാരണ പദ്ധതി, വിഷൻ 2030 സംരംഭത്തിന്റെ ഭാഗമായി സൗദി അറേബ്യയുടെ അഭിലാഷമായ റെയിൽ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അൽ ഉലയിൽ നടപ്പാക്കുന്ന ട്രാം പദ്ധതിക്ക് 22.4 കിലോമീറ്റർ ദൂരമാണുള്ളതെന്ന് ആൽസ്റ്റം കമ്പനി അറിയിച്ചു. തന്ത്രപ്രധാനമായ 17 സ്റ്റേഷനുകൾ അത് ഉൾക്കൊള്ളുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന, കാറ്റനറി രഹിത ട്രാംവേ ലൈൻ, യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളായ അൽഉല ഓൾഡ് ടൗൺ (ജില്ല 1), ദാദൻ (ജില്ല 2), ജബൽ ഇക്മ (ജില്ല 3), നബതിയൻ ഹൊറൈസൺ (ജില്ല 4), ഹെഗ്ര ഹിസ്റ്റോറിക്കൽ സിറ്റി (ജില്ല 5) എന്നിവയുൾപ്പെടെ അൽഉലയിലെ അഞ്ച് ചരിത്ര പ്രധാന ജില്ലകളിലേക്ക് ട്രാം സഞ്ചരിക്കും.
കാർബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് കുറക്കുന്നതോടൊപ്പം, ട്രാം സംവിധാനം പ്രദേശത്തിന്റെ സമ്പന്നമായ പൈതൃകം വർധിപ്പിക്കുകയും, നൂതനവും കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ ട്രാമുകളുമായി സംയോജിപ്പിക്കുകയും ചെയ്യുന്നതാണ്. സഞ്ചാരികൾക്ക് സുഗമമായി യാത്ര ചെയ്യാവന്ന വിധം ട്രാം പദ്ധതിയിലൂടെ അത്യന്താധുനിക യാത്ര സംവിധാനമായിരിക്കും ലഭിക്കുക എന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

