ഹജ്ജ് വളൻറിയർമാർക്ക് വിദേശ രാജ്യങ്ങളിൽ പരിശീലന കോഴ്സ്
text_fieldsജിദ്ദ: ഹജ്ജ് വേളയിൽ സേവനപ്രവർത്തനം നടത്തുന്നവർക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പരിശീലന കോഴ്സ്. മന്ത്രാലയത്തിനു കീഴിലെ ഹജ്ജ് സേവന പരിശീലനകേന്ദ്രമാണ് വിദേശരാജ്യങ്ങളിൽവെച്ച് ഹജ്ജ് സേവനത്തിലേർപ്പെടുന്നവർക്ക് പുണ്യഭൂമിയിലേക്ക് വരുന്നതിനുമുമ്പ് പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്.
ഇപ്രകാരം ആദ്യ പരിശീലന കോഴ്സ് മലേഷ്യയിൽ ആരംഭിച്ചു. സൗദിക്കു പുറത്തുനിന്നുള്ള വളൻറിയർമാർക്ക് അവരുടെ രാജ്യങ്ങളിൽവെച്ച് ഹജ്ജ് വേളയിൽ ജോലി ചെയ്യുന്നതിനാവശ്യമായ പരിശീലനം നൽകുകയും അതിന് യോഗ്യരാക്കുകയും ചെയ്യുന്ന പരിശീലന കോഴ്സ് ആദ്യമായാണ് നടപ്പാക്കുന്നത്. സൗദി വിഷൻ 2030 പരിപാടികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, യാത്ര സുഗമമാക്കുക, മതപരവും സാംസ്കാരികവുമായ അനുഭവങ്ങൾ സമ്പന്നമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇങ്ങനെയൊരു പ്രോഗ്രാം ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ മേൽനോട്ടത്തിൽ സൗദിയിലെ സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയുടെ പ്രതിനിധികളും അടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ മലേഷ്യൻ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചാണ് ഹജ്ജ് സേവന പരിശീലന കോഴ്സ് സംഘടിപ്പിച്ചത്.
ഹജ്ജിനു മുമ്പും ഹജ്ജ് വേളയിലും ശേഷവും ആവശ്യമായ കാര്യങ്ങളിലാണ് ബോധവത്കരണവും പരിശീലനവും നൽകുന്നത്.
ക്വാലാലംപുരിലെ ‘തബോജ് ഹാജി’യിൽ നടന്ന പരിശീലന കോഴ്സിൽ തീർഥാടക സംഘങ്ങളുടെ 30ലധികം നേതാക്കൾ പങ്കെടുത്തതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

