‘സിജി’ റിയാദ് ചാപ്റ്റർ വിദ്യാർഥികൾക്കായി പരിശീലന ക്യാമ്പ്
text_fields‘സിജി’ റിയാദ് ചാപ്റ്റർ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന് കീഴിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ‘സിജി സ്മാർട്ട് എജുടെയിൻമെന്റ് ക്യാമ്പ് 3’ സംഘടിപ്പിച്ചു. കുട്ടികളിൽ അന്തർലീനമായിട്ടുള്ള കഴിവുകൾ കണ്ടെത്തി അതിനെ പരിപോഷിപ്പിക്കൽ, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പരിശീലനം, വ്യക്തിത്വ വികാസത്തിനുള്ള വിവിധയിനം ആക്റ്റിവിറ്റികൾ തുടങ്ങിയ മേഖലകളിൽ ഊന്നിയായിരുന്നു പരിശീലനം.
റിയാദ് എക്സിറ്റ് 28 ലെ ഖുറൈസ് മാളിൽ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന മുഴുദിന ക്യാമ്പിന് സ്റ്റുഡൻറ്സ് പ്രോഗ്രാം ഡയറക്ടർ യതി മുഹമ്മദലിയും കോഓഡിനേറ്റർ ശുക്കൂർ പൂക്കയിലും നേതൃത്വം നൽകി. ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളിൽനിന്നും ശാന്തിനേടാൻ വിദ്യാർഥികളെ സ്വയം പ്രാപ്തമാക്കുന്ന മെഡിറ്റേഷനും യോഗ പരിശീലനത്തിനും മനഃശാസ്ത്ര കൗൺസിലറായ അഫ്ര ഫാത്തിമ നേതൃത്വം നൽകി.
വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ കണ്ടുപിടിച്ച വിവിധങ്ങളായ പുതിയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടി കുട്ടികളെ സംബന്ധിച്ച് നവ്യാനുഭവമായിരുന്നു. ഓരോ വിദ്യാർഥികളും കൈയിൽ കരുതിയ നിത്യോപയോഗ സാധനങ്ങൾവെച്ച് തയാറാക്കിയ മാർക്കറ്റിൽനിന്നും കറൻസി ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നതും വിലപേശുന്നതും വിൽക്കുന്നതും കണക്കുകൾ രേഖപ്പെടുത്തുന്നതുമായ ആക്റ്റിവിറ്റിയിൽ വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്.
വരും കാലത്തിലെ വെല്ലുവിളികളെ നേരിടാനും സാധ്യതകളെ ഉപയോഗപ്പെടുത്താനും പുതുതലമുറയെ പരിശീലിപ്പിക്കുന്ന സിജി സ്മാർട്ട് എജുടെയിൻമെന്റ് പരിപാടികളുടെ തുടർ പരിശീലനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷെർമി നവാസ്, ഷഫ്ന നിഷാൻ, ഹുസ്ന അബ്ദുൽ ഹകീം, ഫർസാന മറിയ റഷീദ്, ഷൈക ബഷീർ, റുബീന സാജിദ്, അഫ്ര ഫാത്തിമ, മെഹജബീൻ, ജസീറ അജ്മൽ, ആമിന ജാനുസ്, റഹീസ് ആക്കോട്, നൗഷീർ, സക്കീർ ചങ്ങരങ്കുളം എന്നീ മെന്റർമാർ ക്യാമ്പിനെ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

