റിയാദ് - ദമ്മാം ട്രെയിന്‍ പാളം തെറ്റി 18 യാത്രക്കാര്‍ക്ക് പരിക്ക്
text_fieldsറിയാദ്: വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ഓടെ ദമ്മാമിന് സമീപം ട്രെയിന്‍ പാളം തെറ്റി 18 യാത്രക്കാര്‍ക്ക് പരിക്കേറ്റു. രാത്രി പെയ്ത കനത്ത മഴയും വെള്ളപ്പാച്ചിലും മൂലം സ്ളീപ്പറുകള്‍ ഉറപ്പിച്ച മെറ്റല്‍ ഇളകി ഒലിച്ചുപോയതാണ് അപകട കാരണം. ഇരുവശങ്ങളിലും തോടുപോലെ വെള്ളം ഒഴുകിയപ്പോള്‍ അടിയിലെ മണ്ണും മെറ്റലും പോയി പാളങ്ങളും സ്ളീപ്പറുകളും ഉറപ്പ് തെറ്റി താഴേക്കിരിക്കുകയായിരുന്നു. റിയാദില്‍ നിന്ന് രാത്രി 9.30ന് പുറപ്പെട്ട 14ാം നമ്പര്‍ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. എന്‍ജിനും അതിനോട് ചേര്‍ന്നുള്ള അഞ്ചാം നമ്പര്‍ കോച്ചും പാടേ മറിയുകയും മറ്റ് കോച്ചുകള്‍ പാളത്തില്‍ നിന്ന് തെന്നിമാറുകയും ചെയ്തു. ആറ് ജീവനക്കാരും 193 യാത്രക്കാരുമാണ് ട്രെയിനിലുണ്ടായിരുന്നത്. 18 പേര്‍ക്ക് പരിക്കേറ്റു. ഇവരെല്ലാം ഏത് നാട്ടുകാരാണെന്ന വിവരം അറിവായിട്ടില്ല. സംഭവമുണ്ടായ ഉടനെ കുതിച്ചത്തെിയ റെയില്‍വേ ടാസ്ക് ഫോഴ്സും സിവില്‍ ഡിഫന്‍സും റെഡ്ക്രസന്‍റും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. 10 കിലോമീറ്റര്‍ അകലത്തിലുള്ള ദമ്മാം റെയില്‍വേ സ്റ്റേഷനില്‍ അടിയന്തര സൗകര്യങ്ങളൊരുക്കി പരിക്കേറ്റ ആളുകളെയെല്ലാം അവിടെയത്തെിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം 18 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരില്‍ ആരുടെയും നില ഗുരുതരമല്ളെന്നും പരിക്ക് നിസാരമാണെന്നും സിവില്‍ ഡിഫന്‍സ് കിഴക്കന്‍ പ്രവിശ്യ വക്താവ് ഫഹദ് അല്‍ഗാംദി അറിയിച്ചു.
1.30 ഓടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം രാവിലെ 5.40 ഓടെയാണ് അവസാനിച്ചതെന്നും ബാക്കി യാത്രക്കാര്‍ സുരക്ഷിതരായി അവരവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നെന്ന് കൂടി ഉറപ്പാക്കിയ ശേഷമാണ് ദൗത്യം അവസാനിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടമുണ്ടായ ഉടനെ തങ്ങളുടെ മുഴുവന്‍ വിഭാഗങ്ങളും അടിയന്തര സ്വഭാവത്തോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും രക്ഷാപ്രവര്‍ത്തനത്തിന് സിവില്‍ ഡിഫന്‍സ് അടക്കമുള്ള വിവിധ വിഭാഗങ്ങളുടെ സേവനം തേടിയെന്നും സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ റമീഅ് അല്‍റമീഅ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം കിട്ടിയ ഉടനെ ദമ്മാമില്‍ നിന്ന് റിസര്‍വ് ട്രെയിന്‍ അയച്ച് പരിക്കേറ്റവരെയും ബാക്കി യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി ദമ്മാമിലത്തെിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്ന റെയില്‍വേ ലൈന്‍ നന്നാക്കാനുള്ള ശ്രമം വെള്ളിയാഴ്ച രാവിലെ തന്നെ തുടങ്ങിയെന്നും അറ്റകുറ്റ പണികളെല്ലാം പൂര്‍ത്തിയാക്കി പരിപൂര്‍ണ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഗതാഗതം പുനഃരാരംഭിക്കുകയുള്ളൂ എന്നും റമീഅ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
