Fast Train
text_fieldsഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ഇന്നുമുതൽ
ആദ്യഘട്ടത്തിൽ പ്രതിവാരം എട്ട് സർവീസുകൾ
ജിദ്ദ: മക്ക^മദീന അതിവേഗ ട്രെയിൻ വ്യാഴാഴ്ച സർവീസ് ആരംഭിക്കും. തുടക്കത്തിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. മക്കയിൽ നിന്ന് മദീനയിലേക്കും തിരിച്ചുമായി ആഴ്ചയിൽ എട്ട് സർവീസ് ആണുണ്ടാകുക. അടുത്ത വർഷം സർവീസുകളുടെ എണ്ണം കൂടും. മക്കയിൽ നിന്ന് മദീനയിലേക്കും തിരിച്ചും നേരിട്ടുള്ള സർവീസുകളും ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഷനുകളിൽ നിർത്തികൊണ്ടുള്ള സർവീസുകളും ഏർപ്പെടുത്തിയിട്ടുമുണ്ട്. ആദ്യത്തെ രണ്ട് മാസം ടിക്കറ്റിന് പകുതി നിരക്കാണ്. ബുക്കിങിന് www.hhr.sa എന്ന ലിങ്കും കസ്റ്റമർ സർവീസിന് 920004433 എന്ന നമ്പറും ഒരുക്കി.
യാത്രസമയം, ടിക്കറ്റ് ചാർജ് എന്നിവ സംബന്ധിച്ച് ഇൗ നമ്പറിലുടെ അന്വേഷിക്കാം. മക്ക, മദീന, ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ ടിക്കറ്റ് ബുക്കിങിനും വാങ്ങുന്നതിനും സൗകര്യമുണ്ടാകുമെന്ന് ഹറമൈൻ റെയിൽവേ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞമാസം 25 ന് ജിദ്ദയിൽ നിന്ന് മദീന വരെ യാത്ര ചെയ്ത് സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഹറമൈൻ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്. ഒക്ടോബർ നാലിന് സർവീസ് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പദ്ധതി പ്രവർത്തിപ്പിക്കുന്ന സ്പാനിഷ് അലയൻസ് കമ്പനിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഒക്ടോബർ 11 ലേക്ക് മാറ്റുകയായിരുന്നു. യാത്രക്കാരെ സ്വീകരിക്കാൻ സ്റ്റേഷനുകളിൽ ഒരുക്കം പൂർത്തിയായതായി റെയിൽവേ അധികൃതർ പറഞ്ഞു.
ഇക്കണോമി, ബിസിനസ് ക്ലാസുകളാണുള്ളത്. ബുക്കിങ് രംഗത്ത് നല്ല തിരക്കാണ്.
മക്കയിൽ നിന്ന് മദീനയിലേക്കും തിരിച്ചുമുള്ള യാത്രക്ക് ഇക്കണോമി ക്ലാസിന് 150 റിയാലും ബിസിനസ് ക്ലാസിന് 250 റിയാലുമാണ് നിരക്ക്. ഹറമൈൻ ട്രെയിൻ സർവീസ് ആരംഭിച്ചതോടെ മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഇലക്ട്രിക് റെയിൽവേ പദ്ധതിയാണ് യാഥാർഥ്യമായത്. സൗദിയിലെ ആദ്യ എക്സ്പ്രസ് ട്രെയിൻ സർവീസുമാണ്. സ്വദേശികൾക്കും വിദേശികൾക്കും മാത്രമല്ല, ലക്ഷക്കണക്കിന് ഹജ്ജ് ഉംറ യാത്രക്കാർക്കും പദ്ധതി ഉപകാരപ്പെടും. 2011 ൽ നിർമാണം ആരംഭിച്ച പദ്ധതി ഏകദേശം എട്ട് വർഷമെടുത്താണ് പൂർത്തിയാക്കിയത്.
450 കിലോമീറ്റർ ആണ് പാതയുടെ ആകെ ദൈർഘ്യം. അഞ്ച് സ്റ്റേഷനുകളിലും യാത്രക്കാർക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മൊത്തം 35 ഒാളം ട്രെയിനുകളാണ് പദ്ധതിക്ക് കീഴിലുള്ളത്.
മുഴുവൻ ട്രെയിനുകളും പ്രവർത്തിപ്പിക്കുന്നതോടെ ഒരു ദിവസം 1,60,000 പേർക്കും വർഷത്തിൽ ഏകദേശം 60 ദശലക്ഷം പേർക്കും യാത്ര ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.