ട്രാഫിക് ബോധവത്കരണം; ആരോഗ്യ മന്ത്രാലയവുമായി കരാർ
text_fieldsജിദ്ദ: ട്രാഫിക് അപകടങ്ങളെ കുറിച്ച് പൊതുജനത്തെ ബോധവത്കരിക്കുന്നതിനും അനുബന്ധ പരിപാടികൾക്കും ജിദ്ദ ട്രാഫികും മേഖല ആരോഗ്യ കാര്യാലവും കരാർ ഒപ്പു വെച്ചു. ‘താങ്കളുടെ സുരക്ഷ, ഞങ്ങളുടെ ലക്ഷ്യമാണ്’ എന്ന തലക്കെട്ടിൽ നടപ്പാക്കുന്ന പദ്ധതി കരാർ ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദിെൻറ സാന്നിധ്യത്തിൽ ജിദ്ദ ട്രാഫിക് മേധാവി ജനറൽ സുലൈമാൻ ബിൻ അബ്ദുല്ല അൽസക്രിയും ജിദ്ദ ആരോഗ്യ കാര്യ ഡയരക്ടർ ഡോ. മിശ്അൽ ബിൻ മുസ്ഫർ അൽസിയാലിയുമാണ് ഒപ്പുവെച്ചത്.
ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ ജിദ്ദയിലെ വിവിധ ആശുപത്രികളിൽ സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളിയാക്കുക, അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ അവസരമൊരുക്കുക, അപകട കാരണങ്ങളുടെയും അപകടങ്ങളുടെയും ദൃശ്യങ്ങൾ കാണിച്ചു കൊടുക്കുക, ട്രാഫിക് അപകടങ്ങളെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തുക തുടങ്ങിയ പദ്ധതികൾക്കാണ് ധാരണയുണ്ടായിരിക്കുന്നത്. അടുത്തിടെയാണ് ഇത്തരമൊരു പരിപാടിക്ക് ട്രാഫിക്ക് വകുപ്പ് തുടക്കമിട്ടത്. ചില മേഖലകളിൽ ഇതിനകം പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
