യാംബുവിലെ അൽ അബ്ബാസി മറീന ബീച്ചിൽ സഞ്ചാരികളുടെ തിരക്ക്
text_fieldsയാംബു: ബോട്ട് സവാരിയും കടലിലെ നീന്തലുമായി സഞ്ചാരികൾക്ക് ഉല്ലാസത്തിെൻറ പുതിയ വിരുന്നൊരുക്കുകയാണ് യാംബുവിലെ അൽ അബ്ബാസി മറീന ബീച്ച്. പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കാൻ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കരയുടെയും കടലിെൻറയും വശ്യമായ പ്രകൃതിഭംഗി ആസ്വദിച്ചും, ചെങ്കടലിെൻറ നടുവിലുള്ള നീന്തൽ യാത്രയും ബോട്ട് സവാരിയും നൽകുന്ന ആവേശം ഉൾക്കൊണ്ടുമാണ് സഞ്ചാരികൾ ഇവിടെനിന്ന് മടങ്ങുന്നത്.
വർണാഭമായ മുത്തുകൾ, ചിപ്പികൾ, പവിഴപ്പുറ്റുകൾ, വൈവിധ്യമാർന്ന അലങ്കാര മത്സ്യങ്ങൾ എന്നിവ നിറഞ്ഞ ചെങ്കടലിെൻറ അടിത്തട്ട് ദൂരദർശിനിയിലൂടെ അടുത്തു കാണാനുള്ള സൗകര്യം ബോട്ട് യാത്രക്കിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകുന്ന ബോട്ടുകളിൽ ലൈഫ് റിംഗുകൾ ഉൾപ്പെടെയുള്ള എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ലഭ്യമാണ്.
യാംബു അൽ അബ്ബാസി മറീന ബീച്ചിലെ ബോട്ട് സവാരി കേന്ദ്രത്തിൽ നിന്നുള്ള വിവിധ കാഴ്ചകൾ
ബോട്ട് യാത്രയും നീന്തലും
ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് യൂത്ത് ഇന്ത്യ യാംബു ചാപ്റ്റർ അൽ അബ്ബാസി മറീന ബീച്ചിൽ സംഘടിപ്പിച്ച ബോട്ട് യാത്രയും കടലിലെ നീന്തലും പങ്കെടുത്തവർക്ക് വേറിട്ടൊരു അനുഭവമായി. രണ്ട് ബോട്ടുകളിലായി ഇരുപതോളം യുവാക്കളാണ് ഈ യാത്രയുടെ ഭാഗമായത്. മലയാളികളായ രണ്ട് സ്രാങ്കുമാരാണ് ഈ ബോട്ടുകൾ നിയന്ത്രിച്ചിരുന്നത് എന്നത് യാത്രയുടെ സവിശേഷതയായി.കടലിലെ ആഴം കുറഞ്ഞ ഭാഗത്ത് ബോട്ട് നങ്കൂരമിട്ടാണ് യുവാക്കൾക്ക് നീന്താനുള്ള സൗകര്യം ഒരുക്കിയത്. തെളിഞ്ഞ നീലജലത്തിൽ വിവിധ അഭ്യാസ പ്രകടനങ്ങളോടെ നീന്തിത്തുടിച്ച യുവാക്കളുടെ ആവേശം ശ്രദ്ധേയമായിരുന്നു. നീന്തൽ പഠിക്കുന്നത് വ്യക്തിപരമായ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും, ഒപ്പം ജല അപകടങ്ങളിൽപ്പെടുമ്പോൾ സ്വയം രക്ഷപ്പെടാനും മറ്റുള്ളവരെ രക്ഷിക്കാനും ഇത് സഹായകമാകുമെന്നുമുള്ള സന്ദേശം മുൻനിർത്തിയാണ് യൂത്ത് ഇന്ത്യ ഈ പരിപാടി സംഘടിപ്പിച്ചത്. അതേസമയം, കൃത്യമായ പരിശീലനത്തിലൂടെ മാത്രമേ ഇത്തരം പ്രകടനങ്ങൾ സാധ്യമാകൂ എന്നും, സൂക്ഷിച്ചില്ലെങ്കിൽ ജലവുമായുള്ള കളി അപകടം നിറഞ്ഞതാണെന്നും നീന്തൽ വിദഗ്ദ്ധർ ഓർമിപ്പിക്കുന്നു. യാംബു ടൗണിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം അകലെയുള്ള പുതിയ ബീച്ചാണ് അൽ അബ്ബാസി മറീന. ഇവിടെ ബോട്ട് നിയന്ത്രിക്കുന്ന സ്രാങ്കുമാരിൽ രണ്ട് മലയാളികളുമുണ്ട്. കഴിഞ്ഞ 15 വർഷമായി മലയാളികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയങ്കരനായ മലപ്പുറം താനൂർ സ്വദേശി ബഷീർ ഒറ്റയിലും അദ്ദേഹത്തിെൻറ ബന്ധുവായ ജംഷാദുമാണിവർ. അവധിക്കാലങ്ങളിലും അനുകൂല കാലാവസ്ഥയുള്ള സീസണുകളിലും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ വൻ ഒഴുക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളതെന്ന് സ്രാങ്ക് ബഷീർ ഒറ്റയിൽ പറഞ്ഞു.
സമയക്രമവും നിരക്കുകളും
വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള ബോട്ടുകളാണ് സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ബോട്ടിങ് സൗകര്യം. ബോട്ടിെൻറ വലിപ്പമനുസരിച്ച് ഒരു മണിക്കൂറിന് 300 റിയാൽ മുതൽ 700 റിയാൽ വരെയാണ് നിരക്ക്. ഒരു ബോട്ടിൽ ആറ് മുതൽ 10 പേർക്ക് വരെ യാത്ര ചെയ്യാം. ഇതുകൂടാതെ നാല് പേർക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടുകളും വാട്ടർ സ്കൂട്ടറുകളും ബീച്ചിൽ ലഭ്യമാണ്. സഞ്ചാരികളുടെ താല്പര്യപ്രകാരം ഒരു മണിക്കൂർ മുതൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ട്രിപ്പുകൾ വരെ മുൻകൂട്ടി പ്ലാൻ ചെയ്യാവുന്നതാണ്. ബോട്ട് യാത്രയ്ക്ക് സൗദി കോസ്റ്റ് ഗാർഡിെൻറ മുൻകൂർ അനുമതി ആവശ്യമാണ്. ഇതിനായുള്ള സംവിധാനങ്ങൾ മറൈൻ കമ്പനി തന്നെ നേരിട്ട് നിർവഹിക്കും. സഞ്ചാരികൾക്ക് തങ്ങളുടെ താമസരേഖകൾ (ഇഖാമ) മുൻകൂട്ടി സമർപ്പിച്ച് യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് കോസ്റ്റ് ഗാർഡ് രേഖകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ബോട്ടുകൾക്ക് യാത്രാനുമതി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

