‘അറേബ്യൻ ടൂറിസം തലസ്ഥാനം’ പരിപാടി: അണിഞ്ഞൊരുങ്ങി അബ്ഹ
text_fieldsഅബ്ഹ: അറേബ്യൻ ടൂറിസം തലസ്ഥാനമായി അബ്ഹ പട്ടണം തെരഞ്ഞെടുക്കുന്നതിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികൾക്ക് അബ്ഹ പട്ടണം അണിഞ്ഞൊരുങ്ങി. അസീർ മേഖല മുനിസിപ്പാലിറ്റിക്ക് കീഴിലാണ് പട്ടണം അലങ്കരിക്കുന്ന ജോലികൾ പൂർത്തിയായത്. ഏപ്രിൽ 18 ന് അബ്ഹയിലെ ബുഹൈറത് അൽസദ്ദിലാണ് ഉദ്ഘാടന ചടങ്ങ് . മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ഖാലിദ് ബിൻ അബ്ദുൽ അസീസിെൻറ മേൽനോട്ടത്തിൽ ആഘോഷ പരിപാടികൾ വൻവിജയമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വെടിക്കെട്ടുകൾക്കുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ചൈനയിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്തത്. അബ്ഹ ടൂറിസം തലസ്ഥാനം’ പരിപാടിയുടെ മുദ്ര അനാവരണം ചെയ്യുന്ന പുഷ്പ പരവതാനിയാകും മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നെന്ന് മേഖല മേയർ സ്വാലിഹ് ബിൻ അബ്ദുല്ല അൽഖാദി പറഞ്ഞു. മേഖലയുടെ ടൂറിസം ചരിത്രം തുറന്നു കാട്ടുന്നതായിരിക്കും ഇത്. 30 ലക്ഷം പൂവുകൾ അബ്ഹയിൽ കൃഷി ചെയ്താണ് ഇത് നിർമിക്കുന്നത്. നിരവധി ആർട്ട് ഗാലറികളും ഒരുക്കുന്നുണ്ട്. 12 മീറ്റർ ഉയരത്തിലുള്ള മൊബൈൽ വാട്ടർ ഫൗണ്ടയിൻ മറ്റൊരു പ്രത്യേകതയാണ്. പട്ടണത്തിലേയും പരിസരങ്ങളിലേയും തോട്ടങ്ങളെല്ലാം അലങ്കരിച്ചിട്ടുണ്ട്. പരിപാടി നടക്കുന്ന ‘ഖർയത്ത് മിഫ്താഹ്’ അലങ്കരിക്കുന്ന ജോലികളും പൂർത്തിയായി. ഇവിടെ പ്രത്യേക മാധ്യമ സെൻററും ഒരുക്കിയിട്ടുണ്ട്.
റോഡുകളും തോട്ടങ്ങളും 60 000 മീറ്റർ നീളത്തിലാണ് അലങ്കരിച്ചിരിക്കുന്നത്. റോഡുകളും തെരുവു വിളക്കുകളും റിപ്പയർ ചെയ്യുന്ന ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഫുട്പാത്തുകൾ അറ്റകുറ്റ പണികൾ നടത്തി പെയിൻറടിച്ചിട്ടുണ്ട്. വിവിധ പാലങ്ങളും കിങ് അബ്ദുൽ അസീസ് റോഡും കിങ് ഫഹദ് റോഡും കൂടിച്ചേരുന്ന ഭാഗത്തെ സ്തൂപങ്ങളും അലങ്കരിച്ചിട്ടുണ്ട്. 50 000 മീറ്റർ നീളത്തിൽ പൂക്കളും ചെടികളും അലങ്കരിച്ചിട്ടുണ്ട്. അലങ്കാര ബൾബുകളും ഫ്ലഡ് ലൈറ്റുകളും വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. പരിപാടികൾ ദൂര സ്ഥലങ്ങളിൽ നിന്ന് കാണാനും ടൂറിസം സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതിനും കൂറ്റൻ സ്ക്രീനുകൾ സ്ഥാപിച്ചിതായി അദ്ദേഹം പറഞ്ഞു.
അബ്ഹ മേഖലക്ക് അനുയോജ്യമായ വിധത്തിലുള്ള പരിപാടികളും ഒരുക്കങ്ങളുമാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് സംഘാടന സമിതി മേധാവിയും മേഖല ടൂറിസം വകുപ്പ് ഓഫീസ് മേധാവിയുമായി എൻജി.മുഹമ്മദ് ബിൻ അബ്ദുല്ല ഉംറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
