ചെങ്കടൽ തീരത്ത് ടൂറിസം; വസന്തം ഷൂറ ദ്വീപിലെ ഫോർ സീസൺസ് റിസോർട്ട് ഇന്ന് തുറക്കും
text_fieldsഷൂറ ദ്വീപിലെ ഫോർ സീസൺസ് റിസോർട്ട്
ജിദ്ദ: സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ റെഡ് സീ പ്രോജക്ടിന് കീഴിലുള്ള ഷൂറ ദ്വീപിലെ അത്യാധുനിക ‘ഫോർ സീസൺസ് റിസോർട്ട് ആൻഡ് റെസിഡൻസസ്’ ബുധനാഴ്ച മുതൽ അതിഥികൾക്കായി തുറന്നുകൊടുക്കുമെന്ന് റെഡ് സീ ഇൻറർനാഷനൽ കമ്പനി അറിയിച്ചു. പ്രമുഖ നിക്ഷേപ സ്ഥാപനമായ കിങ്ഡം ഹോൾഡിങ് കമ്പനിയുമായി സഹകരിച്ച് റെഡ് സീ ഇൻറർനാഷനൽ നടപ്പാക്കുന്ന ആദ്യത്തെ സംയുക്ത സംരംഭമാണിത്. വികസന-ആഡംബര ടൂറിസം മേഖലകളിൽ പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്.
ഇരു കമ്പനികൾക്കും 50 ശതമാനം വീതം തുല്യ പങ്കാളിത്തമുള്ള ഈ ആഡംബര റിസോർട്ടിെൻറ ആകെ നിക്ഷേപ മൂല്യം 260 കോടി സൗദി റിയാലാണ്. സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, രാജ്യത്തെ ഹോസ്പിറ്റാലിറ്റി-ടൂറിസം മേഖലകളിൽ ദീർഘകാല മൂലധനം നിക്ഷേപിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ പ്രോജക്ടിലൂടെ വ്യക്തമാകുന്നതെന്ന് കിങ്ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ കിങ് ഹോട്ടൽ ഇൻവെസ്റ്റ്മെൻറ് സി.ഇ.ഒ സർമദ് സൂക്ക് പറഞ്ഞു. ഷൂറ ദ്വീപിെൻറ കിഴക്കേ അറ്റത്ത്, മൂന്ന് വശങ്ങളും മനോഹരമായ ചെങ്കടലിനാൽ ചുറ്റപ്പെട്ട അതീവ ആകർഷകമായ ലൊക്കേഷനിലാണ് ഫോർ സീസൺസ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
പൂർണമായും പുറം കാഴ്ചകളിലേക്ക് തുറക്കുന്ന 31 ആഡംബര വസതികളും, 149 അത്യാധുനിക ഹോട്ടൽ മുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോകോത്തര വിഭവങ്ങൾ വിളമ്പുന്ന വൈവിധ്യമാർന്ന റെസ്റ്റാറൻറുകൾ, സാഹസിക പ്രിയർക്കായി വിപുലമായ ജല കായിക വിനോദങ്ങൾ, കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത വിനോദ പരിപാടികൾ എന്നിവയും റിസോർട്ടിെൻറ സവിശേഷതകളാണ്. പൂർണമായും പുനരുപയോഗ ഊർജത്തെ ആശ്രയിച്ചായിരിക്കും ഈ റിസോർട്ട് പ്രവർത്തിക്കുക. പരിസ്ഥിതി ആഘാതം പരമാവധി കുറക്കാനായി വികസിപ്പിച്ച നൂതന ജല-മാലിന്യ സംസ്കരണ സംവിധാനങ്ങളോടെ, സുസ്ഥിര ടൂറിസത്തിെൻറ ഉന്നത മാനദണ്ഡങ്ങൾ പാലിച്ചാണ് ഇതിെൻറ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. നിലവിൽ റെഡ് സീ ഡെസ്റ്റിനേഷനിൽ 11 പ്രമുഖ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ, വരും മാസങ്ങളിൽ ഷൂറ ദ്വീപിൽ മാത്രം ആറ് അന്താരാഷ്ട്ര റിസോർട്ടുകൾ കൂടി അതിഥികൾക്കായി തുറന്നുനൽകുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

