വിനോദസഞ്ചാര കുതിപ്പിനൊരുങ്ങി ജീസാൻ; കാപ്പിത്തോട്ടങ്ങൾ ഇനി ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങൾ
text_fieldsജീസാനിൽ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുന്ന കാപ്പിത്തോട്ടങ്ങൾ
ജിസാൻ: സൗദി അറേബ്യയിലെ ജീസാൻ പ്രവിശ്യയിലെ മലയോര മേഖലയിലുള്ള കാപ്പിത്തോട്ടങ്ങൾ ആധുനിക ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുന്നു. പരമ്പരാഗത കൃഷിരീതികളിൽ നിന്ന് മാറി, കൃഷിയും പ്രകൃതിഭംഗിയും പ്രാദേശിക സംസ്കാരവും സമന്വയിക്കുന്ന വേറിട്ട അനുഭവം സന്ദർശകർക്ക് നൽകിക്കൊണ്ട് രാജ്യത്തെ ഗ്രാമീണ വികസനത്തിെൻറ മുൻനിര മാതൃകകളായി ഈ തോട്ടങ്ങൾ മാറിയിരിക്കുകയാണ്.
സൗദി കോഫി പാരമ്പര്യത്തിെൻറ അടയാളമായ ഈ കൃഷിയിടങ്ങൾ മലയോര നിവാസികളുടെ പ്രധാന വരുമാന സ്രോതസ്സാണ്. കേവലം കൃഷിയിടങ്ങൾ എന്നതിലുപരി, സന്ദർശകർക്ക് കാപ്പിയുടെ ഉത്പാദനം നേരിട്ട് കണ്ടറിയാനുള്ള സംവേദനാത്മക പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കാപ്പി നട്ടുവളർത്തുന്നത് മുതൽ വിളവെടുക്കുന്നതും വറുത്തെടുക്കുന്നതും വരെയുള്ള വിവിധ ഘട്ടങ്ങൾ സന്ദർശകർക്ക് ഇതിലൂടെ പരിചയപ്പെടാം. മലനിരകളിലെ തട്ടുതട്ടായുള്ള കൃഷിയിടങ്ങളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിെൻറ ഭാഗമായി തോട്ടങ്ങൾക്കുള്ളിൽ പ്രത്യേക നടപ്പാതകളും നിരീക്ഷണ പ്ലാറ്റ്ഫോമുകളും നിർമിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് താമസിക്കാൻ മലയോര കുടിലുകൾ, കാപ്പി വറുക്കുന്നതിലെ കല അഭ്യസിക്കാൻ വർക്ക്ഷോപ്പുകൾ, വിളവെടുപ്പ് കാലത്തെ പ്രത്യേക പരിപാടികൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. വിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ ഡിജിറ്റൽ ഗൈഡുകളും ആധുനിക ആപ്ലിക്കേഷനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
പരിസ്ഥിതി-ജല-കൃഷി മന്ത്രാലയവും ‘റീഫ് സൗദി’ പ്രോഗ്രാമും സംയുക്തമായാണ് ഈ പരിവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഗ്രാമീണ പദ്ധതികളിലെ നിക്ഷേപം, കർഷകർക്കുള്ള വിദഗ്ധ പരിശീലനം, ഉൽപന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയിലൂടെ കാപ്പിത്തോട്ടങ്ങളുടെ സാമ്പത്തിക-ടൂറിസം മൂല്യം ഉയർത്താൻ ഇവർക്ക് സാധിച്ചു. പ്രാദേശിക സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമീണ കഫേകൾ, നാടൻ ഉൽപന്നങ്ങൾ ലഭ്യമാകുന്ന സ്റ്റോറുകൾ, കോഫി ടേസ്റ്റിങ് അനുഭവങ്ങൾ എന്നിവയും സജ്ജമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം രീതികളാണ് ഇവിടെ അവലംബിക്കുന്നത്. മലയോര ജീവിതത്തെയും സംസ്കാരത്തെയും അടുത്തറിയാൻ സന്ദർശകരെ സഹായിക്കുന്ന സാമൂഹിക അനുഭവങ്ങൾ ഇവിടത്തെ വലിയ ആകർഷണമാണ്. പൊതു-സ്വകാര്യ മേഖലകളുടെ ക്രിയാത്മകമായ സഹകരണം ജാസാനിലെ കാപ്പിത്തോട്ടങ്ങളെ രാജ്യത്തെ ഏറ്റവും മികച്ച കാർഷിക-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഉയർത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

