ഇന്ന് സൗദി സ്ഥാപക ദിനം
text_fields1727-ൽ ദറഇയയുടെ മണ്ണിൽ ഇമാം മുഹമ്മദ് ബിൻ സുഊദ് പാകിയ ദൃഢമായ അടിത്തറക്ക് ഇന്ന് മൂന്ന് നൂറ്റാണ്ടിന്റെ പ്രൗഢിയുണ്ട്. ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും ചരിത്രം പേറുന്ന സൗദി അറേബ്യ മറ്റൊരു സ്ഥാപക ദിനം കൂടി ആഘോഷിക്കുമ്പോൾ, ആധുനികതയും പാരമ്പര്യവും ഒത്തുചേരുന്ന രാജ്യത്തിന്റെ അസാമാന്യ പരിവർത്തനത്തിലാണ് ലോകം ഉറ്റുനോക്കുന്നത്.
വരാനിരിക്കുന്ന പ്രധാന പരിപാടികളെ സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘വിഷൻ 2030’വികസനരേഖയിൽ അടുത്തിടെ ചില ക്രമീകരണം വരുത്തിയത്. ‘വേൾഡ് എക്സ്പോ 2030’, ‘ഫിഫ ലോകകപ്പ് 2034’എന്നിവക്കായി രാജ്യം ആവേശപൂർവം കാത്തിരിക്കുകയാണ്. ഇതിനായി ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനാണ് മുൻഗണന.
നിയോം, ദ ലൈൻ, മുക്കാബ് തുടങ്ങിയ പദ്ധതികൾ പുനഃക്രമീകരിച്ചതും ഈ ആഗോള ഇവന്റുകൾക്ക് പിന്തുണ നൽകുന്ന രീതിയിലാണ്. നിർമാണ വേഗത്തേക്കാൾ, കാര്യക്ഷമതക്കും ലോകോത്തര നിലവാരത്തിനുമാണ് പ്രാധാന്യം നൽകുന്നത്. ലോകകപ്പും എക്സ്പോയും റിയാദിനെ കേന്ദ്രീകരിച്ചായതിനാൽ, തലസ്ഥാന നഗരിയുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പദ്ധതികളുടെ വ്യാപ്തിയിൽ വരുത്തിയ മാറ്റം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും പ്രായോഗിക ഇടപെടലിന്റെയും തെളിവാണ്. 2030ലും 2034ലും എത്തുന്ന കോടിക്കണക്കിന് സന്ദർശകർക്ക് മികച്ച അനുഭവം നൽകാൻ ഈ മാറ്റത്തിനാവും. ഈ പുനഃക്രമീകരണങ്ങൾക്ക് കരുത്തേകുന്നത് ‘വിഷൻ 2030’ഇതുവരെ കൈവരിച്ച അസൂയാവഹമായ നേട്ടങ്ങളാണ്. എണ്ണയിതര വരുമാനം രാജ്യത്തിന്റെ ജി.ഡി.പിയുടെ 50 ശതമാനത്തോട് അടുക്കുന്നു എന്നത് സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ വിജയമാണ്. തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വനിതകളുടെ തൊഴിൽ പങ്കാളിത്തം 2030ലെ ലക്ഷ്യവും മറികടന്ന് 35 ശതമാനത്തിലധികമായി. ടൂറിസം മേഖലയിൽ 10 കോടി സന്ദർശകർ എന്ന നാഴികക്കല്ല് നേരത്തെ തന്നെ രാജ്യം പിന്നിട്ടു. ഈ കണക്കുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
കാലത്തിനും സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ചു മാറാൻ മടിയില്ലാത്ത ഊർജ്ജസ്വലമായ രാജ്യത്തിന്റെ ലക്ഷണമാണ് പ്രകടമാക്കുന്നത്. ലക്ഷ്യം കൃത്യമായി നടപ്പാക്കാൻ ഭരണകൂടത്തിന് സാധിക്കുന്നു. ഇത് പ്രവാസികൾക്കും നിക്ഷേപകർക്കും ആത്മവിശ്വാസം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

