ഇന്ന് സൗദി പതാക ദിനം: മൂന്ന് നൂറ്റാണ്ടിന്‍റെ ചരിത്രവുമായി ഐക്യത്തിന്‍റെ പച്ചപ്പതാക വാനിലുയർന്ന് പാറുന്നു
text_fieldsറിയാദ്: സൗദി അറേബ്യയുടെ ദേശീയ സ്വത്വത്തിന്‍റെയും പരമാധികാരത്തിന്‍റെയും പ്രകടനമായി ഇന്ന് ‘സൗദി പതാക ദിനം’ ആഘോഷിക്കുന്നു. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി സൗദി ഭരണകൂടത്തിെൻറ കരുത്തും പാരമ്പര്യവും വിളിച്ചോതുന്ന ദേശീയ പതാകയോടുള്ള ആദരസൂചകമായി എല്ലാ വർഷവും മാർച്ച് 11-നാണ് രാജ്യം ഈ ദിനം ആചരിക്കുന്നത്.
സൗദി പതാകയുടെ നിലവിലെ രൂപത്തിന് അംഗീകാരം നൽകപ്പെട്ട ചരിത്രദിനത്തിെൻറ ഓർമ പുതുക്കലാണ് ഈ ആഘോഷം. 1937 മാർച്ച് 11-നാണ് (ഹിജ്റ 1356 ദുൽ ഹിജ്ജ 27) സൗദി സ്ഥാപകൻ കിങ് അബ്ദുൽ അസീസ് അൽ സഊദ്, പച്ച നിറത്തിലുള്ള പതാകയുടെ മധ്യത്തിൽ ‘തൗഹീദ്’ വചനവും അതിനു താഴെ വാളും ഉൾപ്പെടുത്തിയുള്ള ഇന്നത്തെ രൂപത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്. ഈ ചരിത്രപ്രാധാന്യം കണക്കിലെടുത്ത്, 2023-ൽ സൽമാൻ രാജാവാണ് മാർച്ച് 11 ദേശീയ പതാക ദിനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
സൗദി ജനതയുടെ ആത്മവിശ്വാസത്തിെൻറയും ഐക്യത്തിെൻറയും പ്രതീകമാണ് ഈ ഹരിത പതാക. പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുള്ള’ എന്ന തൗഹീദ് വചനം ഇസ്‌ലാമിക വിശ്വാസത്തെയും, അതിനു താഴെയുള്ള വാൾ നീതിയെയും കരുത്തിനെയുമാണ് സൂചിപ്പിക്കുന്നത്. മൂന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് സൗദി ഭരണകൂടം സ്ഥാപിതമായ കാലം മുതൽക്കേ ഈ പതാക രാജ്യത്തിെൻറ വളർച്ചയ്ക്കും പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു.
ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അചഞ്ചലമായ ബന്ധത്തെയും ദേശീയ അഭിമാനത്തെയുമാണ് ഈ ദിനം പ്രതിനിധീകരിക്കുന്നത്. രാജ്യത്തിെൻറ ചരിത്രപരമായ നേട്ടങ്ങളെ സ്മരിക്കാനും യുവതലമുറയിൽ ദേശസ്നേഹം വളർത്താനും ലക്ഷ്യമിട്ടാണ് വിപുലമായ ആഘോഷപരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

